'40 രൂപയ്ക്ക് പെട്രോൾ' പ്രസ്താവന ഓർമിപ്പിച്ചു; മാധ്യമപ്രവർത്തകനോട് തട്ടിക്കയറി ബാബാ രാംദേവ്
2014 ൽ ക്രൂഡ് ഓയിൽ വില 106 ഡോളർ എന്ന ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ രാജ്യത്ത് പെട്രോളിന് 71.50 രൂപയും ഡീസലിന് 55.50 രൂപയുമായിരുന്നു വില
ന്യൂഡൽഹി: 2014-ൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയാൽ പെട്രോൾ 40 രൂപയ്ക്ക് ലഭിക്കും എന്ന തന്റെ പ്രസ്താവന ഓർമിപ്പിച്ച മാധ്യമപ്രവർത്തകനോട് തട്ടിക്കയറി യോഗഗുരു ബാബ രാംദേവ്. ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനിടെ മാധ്യമപ്രവർത്തകരുമായി സംസാരിക്കവെയാണ് ചോദ്യം കേട്ട് രാംദേവിന്റെ നിയന്ത്രണം നഷ്ടമായത്. 'നിങ്ങളുടെ ചോദ്യത്തിന് മറുപടി പറയാനല്ല ഞാനിവിടെ ഇരിക്കുന്നത്. മിണ്ടാതിരിക്കൂ. ഇനിയും ചോദിക്കുകയാണെങ്കിൽ അത് നല്ലതല്ല...' എന്നായിരുന്നു രാംദേവിന്റെ രോഷത്തോടെയുള്ള പ്രതികരണം.
'വിലക്കയറ്റം ഉണ്ടെങ്കിൽ കൂടി എല്ലാവരും കഠിനാധ്വാനം ചെയ്യണം. ഇന്ധനവില കുറച്ചാൽ ടാക്‌സ് ലഭിക്കിലെന്നും അപ്പോൾ രാജ്യം എങ്ങനെ ഭരിക്കും, എങ്ങനെ ശമ്പളം നൽകും, റോഡ് എങ്ങനെ നിർമിക്കും എന്നുമൊക്കെയാണ് സർക്കാർ പറയുന്നത്. വിലക്കയറ്റം കൂടുതലാണ്. വില കുറയേണ്ടതുണ്ട്. സന്യാസിയായ ഞാൻ പോലും നാല് മണി മുതൽ പത്ത് മണിവരെ ജോലി ചെയ്യുന്നു...' രാംദേവ് പറഞ്ഞു. ഇതിനിടയിലാണ് ഒരു മാധ്യമപ്രവർത്തകൻ രാംദേവിനെ അദ്ദേഹത്തിന്റെ പഴയ പ്രസ്താവന ഓർമിപ്പിച്ചത്.
'40 രൂപയ്ക്ക് പെട്രോൾ നൽകുന്ന സർക്കാറാണ് വേണ്ടതെന്ന് അങ്ങ് ഒരു ചാനലിൽ പറഞ്ഞിരുന്നല്ലോ...' എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. ഇതിനോടുള്ള രാംദേവിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു: 'ഞാനങ്ങനെ പറഞ്ഞിരുന്നു. അതിനെന്താണ് പ്രശ്‌നം. താങ്കൾ ചോദിക്കുന്നതിനൊക്കെ മറുപടി നൽകുന്ന കരാറുകാരനാണോ ഞാൻ?'
താങ്കളുടെ ബൈറ്റ് ചാനലുകൾ തുടർച്ചയായി കാണിച്ചിരുന്നുവല്ലോ എന്ന് റിപ്പോർട്ടർ വീണ്ടും ചോദിച്ചപ്പോൾ ഭീഷണി സ്വരത്തിലായിരുന്നു രാംദേവിന്റെ മറുപടി: 'ഞാൻ അങ്ങനെ ബൈറ്റ് നൽകിയിരുന്നു. ഇപ്പോൾ നൽകുന്നില്ല. നിങ്ങൾ എന്ത് ചെയ്യും? മിണ്ടാതിരിക്കൂ... ഇനിയും ചോദിക്കുകയാണെങ്കിൽ ശരിയാവില്ല.' - അസ്വസ്ഥനായ രാംദേവ് പറഞ്ഞു.
2014 ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പാണ് യു.പി.എ സർക്കാർ ഭരണത്തിലെ ഇന്ധന വിലവർധനവിനെതിരെ ബാബ രാംദേവ് ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്. 'പെട്രോളിന്റെ അടിസ്ഥാനവില 35 രൂപ മാത്രമാണെന്ന പഠനം എന്റെ കൈവശമുണ്ട്. 50 ശതമാനം നികുതി ചുമത്തുകയാണ്. 50 ശതമാനത്തിനു പകരം ഒരു ശതമാനമാക്കി നികുതി കുറക്കുക എന്നത് മാത്രമാണ് പ്രായോഗികം. കുറെയൊക്കെ സാമ്പത്തികശാസ്ത്രം ഞാനും പഠിച്ചിട്ടുണ്ട്.' എന്നായിരുന്നു രാംദേവിന്റെ പ്രസ്താവന.
2014 മെയ് മാസത്തിൽ ക്രൂഡ് ഓയിൽ വില 106 ഡോളർ എന്ന ഉയർന്ന നിരക്കിൽ നിൽക്കുമ്പോൾ രാജ്യത്ത് പെട്രോളിന് 71.50 രൂപയും ഡീസലിന് 55.50 രൂപയുമായിരുന്നു വില. നിലവിൽ പെട്രോൾ വില 113 രൂപയും ഡീസൽ വില 99 രൂപയുമാണ്. ബാരലിന് 101.6 ഡോളറാണ് ഇന്ന് ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില.