പ്രവാചകനിന്ദ: നുപൂർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാൾ പൊലീസ്
പ്രവചക നിന്ദയിൽ ഇന്നലെ മിഡ്നാപൂരിലെ കോണ്ടായി പോലീസ് നുപൂർ ശർമ്മയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു
കൊൽക്കത്ത: പ്രവാചക നിന്ദയിൽ ബിജെപി നേതാവ് നുപൂർ ശർമ്മയ്‌ക്കെതിരെ വീണ്ടും കേസെടുത്ത് ബംഗാൾ പൊലീസ്. നർക്കൽദംഗ പൊലീസ് നുപൂർ ശർമ്മയ്ക്ക് നോട്ടീസ് അയച്ചു. ബിജെപി നേതാവിന്റെ വിവാദ പരാമർശം ഗൾഫ് രാജ്യങ്ങളിലടക്കം വിഷയമായതോടെ കേന്ദ്ര സർക്കാർ പ്രതിരോധിത്തിലായിരുന്നു.
പ്രവാചക നിന്ദയിൽ ഇന്നലെ മിഡ്നാപൂരിലെ കോണ്ടായി പോലീസ് നുപൂർ ശർമ്മയ്‌ക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. ടിഎംസി ന്യൂനപക്ഷ സെൽ ജനറൽ സെക്രട്ടറി അബു സോഹലിന്റെ പരാതിയിലാണ് എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 153 എ (വിവിധ ഗ്രൂപ്പുകൾക്കിടയിൽ ശത്രുത വളർത്തൽ), 504 (പൊതു സമാധാനം തകർക്കുന്നതിലേക്ക് നയിക്കുന്ന മനഃപൂർവമായ പ്രകോപനം), 505 (പൊതു ദ്രോഹം), 506 (ക്രിമിനൽ ഭീഷണിപ്പെടുത്തൽ) എന്നിവ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പ്രവാചകൻ മുഹമ്മദ് നബിയെക്കുറിച്ചുള്ള നുപൂർ ശർമ്മയുടെ വിവാദ പരാമർശത്തിൽ പശ്ചിമ ബംഗാളിൽ ഉടനീളം പ്രതിഷേധം ശക്തമായിരിക്കുകയാണ്. പ്രതിഷേധം അക്രമാസക്തമാവുകയും പ്രകടനക്കാർ ഹൗറയിലെ ബിജെപി ഓഫീസിന് തീയിടുകയും ചെയ്തു.
പ്രതിഷേധക്കാർ ഹൗറയിൽ ദേശീയപാത ഉപരോധിച്ചപ്പോൾ, റോഡുകൾ തടഞ്ഞ് പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കരുതെന്നും പകരം ന്യൂഡൽഹിയിലും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലും പ്രതിഷേധിക്കണമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭ്യർത്ഥിച്ചു. ''അക്രമം വ്യാപിക്കുക മാത്രമല്ല, രാജ്യത്തിന്റെ ഘടനയെ വിഭജിക്കുകയും സമാധാനത്തിനും സൗഹാർദത്തിനും വിഘാതം സൃഷ്ടിക്കുന്നതിനും കാരണമായ ഏതാനും വിനാശകാരികളായ ബി.ജെ.പി നേതാക്കൾ അടുത്തിടെ നടത്തിയ ഹീനവും ക്രൂരവുമായ വിദ്വേഷ പ്രസംഗങ്ങളെ ഞാൻ അപലപിക്കുന്നു,'' മമത ബാനർജി പറഞ്ഞു. ബിജെപി നേതാവിന്റെ വിവാദ പ്രസ്താവന ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർത്തുവെന്നും മമത കൂട്ടിച്ചേർത്തു.
ബിജെപി ദേശീയ വക്താവിനെതിരെ നേരത്തെ മുംബൈ പൊലീസും കേസെടുത്തിരുന്നു. സംവാദത്തിനിടെയാണ് പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ നുപൂർ ശർമ്മ വിദ്വേഷ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുക, ശത്രുത വളർത്തുക, പൊതുശല്യം ഉണ്ടാക്കുക എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ടൈംസ് നൗവിൽ ഗ്യാൻവാപി മസ്ജിദ് വിഷയവുമായി ബന്ധപ്പെട്ടു നടന്ന വാർത്താ സംവാദത്തിനിടെയായിരുന്നു നുപൂർ ശർമയുടെ വിവാദ പരാമർശം. സംവാദത്തിൽ പ്രവാചകനേയും പത്‌നിയെയും കുറിച്ച് നുപൂർ നടത്തിയ പരാമർശങ്ങൾ മതവികാരം വ്രണപ്പെടുത്തുന്നതാണെന്നാരോപിച്ച് റാസ അക്കാദമിയുടെ മുംബൈ വിഭാഗം ജോയിന്റ് സെക്രട്ടറി ഇർഫാൻ ഷെയ്ഖാണ് പരാതി നൽകിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 295-എ(ഏതെങ്കിലും വിഭാഗത്തിന്റെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള നടപടി), 153-എ(വ്യത്യസ്ത മതവിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തൽ) തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നുപൂർ ശർമയ്ക്കെതിരെ കേസെടുത്തത്.