ബംഗാളിലെ രാമനവമി ആഘോഷം: അന്വേഷണം എന്‍.ഐ.എയ്ക്ക് വിട്ട് ഹൈക്കോടതി

ബി.ജെ.പി നേതാവ് സുവേന്ദു അധികാരി നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

Update: 2023-04-27 08:31 GMT
Advertising

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷത്തിൽ അന്വേഷണം എൻ.ഐ.എക്ക് കൈമാറാൻ കോടതി ഉത്തരവ്. കൊൽക്കത്ത ഹൈക്കോടതിയുടേതാണ് ഉത്തരവ്. രണ്ടാഴ്ചക്കകം കേസുമായി ബന്ധപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകൾ എൻ.ഐ.എക്ക് കൈമാറാൻ കോടതി പൊലീസിന് നിർദേശം നൽകി. ബി.ജെ.പി നേതാവ് സുവേന്ദു അധികാരി നൽകിയ ഹരജി പരിഗണിച്ചാണ് കോടതി ഉത്തരവിട്ടത്.

കഴിഞ്ഞ മാസം രാമനവമി ആഘോഷത്തിനിടെ ഹൗറയിലെ ഷിബ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വാഹനങ്ങൾക്ക് തീയിടുകയും കല്ലെറിയുകയും കടകൾ തകർക്കുകയും ചെയ്തിരുന്നു. പിന്നീട് ഹൂഗ്ലിയിലും ദൽഖോലയിലും ഏറ്റുമുട്ടലുകളുണ്ടായി. നിരവധി പേര്‍ക്ക് പരിക്കേറ്റു.

പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും തമ്മില്‍ രൂക്ഷമായ വാക്പോരുണ്ടായി. നടപടികളില്‍ നിന്ന് രക്ഷപ്പെടാൻ സംസ്ഥാന തലത്തിലെ അന്വേഷണം ഒഴിവാക്കാനാണ് ബി.ജെ.പി എൻ.ഐ.എയുടെ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതെന്ന് തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജി ആരോപിച്ചു. ഇവിടെ അന്വേഷണം നടന്നാൽ പിടിക്കപ്പെടുമെന്ന് അവർക്കറിയാമെന്നും അഭിഷേക് ബാനർജി പറഞ്ഞു.

ഘോഷയാത്രക്കിടെ വർഗീയ സംഘർഷമുണ്ടാക്കാൻ ബി.ജെ.പി ശ്രമിച്ചതായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. വർഗീയ കലാപമുണ്ടാക്കാന്‍ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള ഗുണ്ടകളെ ബി.ജെ.പി വാടകക്കെടുത്തെന്ന് മമത ആരോപിച്ചു. ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. മമത ബാനർജി സർക്കാർ മുസ്‍ലിംകളെ പ്രീണിപ്പിക്കുകയും ഹിന്ദുക്കളെ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ആരോപിച്ചു.

Summary- The Calcutta High Court today ordered a probe by the National Investigation Agency (NIA) into the violence that broke out during Ram Navami celebrations in West Bengal.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News