രാഷ്ട്രീയത്തിൽ ഭക്തിയും വ്യക്തിപൂജയും ഏകാധിപത്യത്തിലേക്ക് നയിക്കും: ഖാർഗെ

ഡൽഹിയിലെ അംബേദ്കർ സമാധിസ്ഥലവും അബുൽ കലാം ആസാദിന്റെ ഖബറിടവും സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മല്ലികാർജുൻ ഖാർഗെ

Update: 2022-10-29 07:15 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഭക്തിയും വ്യക്തിപൂജയും ഏകാധിപത്യത്തിലേക്ക് നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. അധ്യക്ഷസ്ഥാനം ഏറ്റെടുത്ത ശേഷം ബി.ആർ അംബേദ്ക്കറുടെയും മൗലാന അബുൽ കലാം ആസാദിന്റെയും സമാധിസ്ഥലങ്ങളിൽ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മതത്തിലെ ഭക്തി ആത്മാവിന്റെ മോചനത്തിനിടയാക്കിയേക്കാം. എന്നാൽ, രാഷ്ട്രീയത്തിന്റെ കാര്യം അങ്ങനെയല്ല. രാഷ്ട്രീയത്തിലെ ഭക്തിയും വ്യക്തിപൂജയും ഉറപ്പായും അധഃപതനത്തിലേക്കും അതുവഴി ഏകാധിപത്യത്തിലേക്കും നയിക്കും-ഖാർഗെ വ്യക്തമാക്കി.

ഡൽഹിയിലെ അംബേദ്കർ സമാധിസ്ഥലവും അബുൽ കലാം ആസാദിന്റെ ഖബറിടവും സന്ദർശിച്ച ഖാർഗെ രണ്ടിടത്തും പുഷ്പാർച്ചനയും നടത്തി. സമൂഹത്തിനും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാമൂഹിക നീതിക്കും വേണ്ടി പോരാടിയവർക്ക് ആദരമർപ്പിക്കാനാണ് താൻ ഇവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ ജനാധിപത്യ, മതേതര സാധ്യതകളിൽ വിശ്വസിക്കുകയും മതത്തിന്റെ അടിസ്ഥാനത്തിലുള്ള വിഭജന ആശയത്തെ ശക്തമായി തള്ളിക്കളയുകയും ചെയ്തയാളാണ് ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയായ ആസാദെന്നും ഖാർഗെ ചൂണ്ടിക്കാട്ടി.

നേരത്തെ, രാജ്ഘട്ടിലെ മഹാത്മാ ഗാന്ധി സമാധിസ്ഥലത്ത് പുഷ്പാർച്ചന നടത്തിയ ശേഷമാണ് മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷസ്ഥാനം ഏറ്റെടുത്തത്. പിന്നീട് മുൻ പ്രധാനമന്ത്രിമാരായ ജവഹർലാൽ നെഹ്‌റു, ലാൽബഹദൂർ ശാസ്ത്രി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി അടക്കമുള്ളവരുടെ ശവകുടീരങ്ങളും സന്ദർശിച്ചു.

Summary: 'Bhakti in politics leads to dictatorship': Mallikarjun Kharge after visiting Ambedkar memorial and Abul Kalam Azad mazaar

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News