ഗുജറാത്തിൽ ബിജെപി കോട്ട പിടിച്ച് കോൺഗ്രസ്; ഭൻവാദിലെ അട്ടിമറി വിജയം കാൽനൂറ്റാണ്ടിന് ശേഷം
1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന നഗരസഭയാണ് ഭൻവാദ്
അഹമ്മദാബാദ്: 26 വർഷമായി ബിജെപി കൈവശം വച്ചിരുന്ന ഭൻവാദ് നഗരസഭയിൽ വമ്പൻ വിജയം നേടി കോൺഗ്രസ്. 24 ൽ 16 സീറ്റും നേടിയാണ് കോൺഗ്രസ് അധികാരത്തിലെത്തിയത്. ബിജെപിക്ക് എട്ടു സീറ്റില്‍ മാത്രമേ വിജയിക്കാനായുള്ളൂ. 1995 മുതൽ ബിജെപി തുടർച്ചയായി ജയിക്കുന്ന നഗരസഭയാണ് ഭൻവാദ്.
അതിനിടെ, ഗാന്ധിനഗർ മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വൻജയം സ്വന്തമാക്കി. ആകെയുള്ള 44 സീറ്റുകളിൽ 41 സീറ്റുകളിലും ബി.ജെ.പി വിജയിച്ചു. കോൺഗ്രസിന് രണ്ട് സീറ്റുകളിൽ മാത്രമാണ് ജയിക്കാനായത്. ഒരു സീറ്റ് എ.എ.പി നേടി.
താര, ഓഖ മുനിസിപ്പാലിറ്റികളിലും ബിജെപി വിജയിച്ചു. താരയിലെ 24 സീറ്റിൽ 20 ഇടത്തും ബിജെപി വിജയം കണ്ടു. നാലു സീറ്റ് കോൺഗ്രസിന് ലഭിച്ചു. ഓഖയിലെ 36 സീറ്റിൽ 34ലും ജയിച്ചത് ബിജെപിയാണ്. കോൺഗ്രസിന് രണ്ടു സീറ്റ്. മൊത്തം 128 സീറ്റിൽ 103 സീറ്റിലാണ് ബിജെപി വിജയിച്ചത്. കോൺഗ്രസിന് 24 ഇടത്തേ വിജയം കണ്ടെത്താനായുള്ളൂ.
ഈ വർഷം ഏപ്രിലിൽ നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് കോവിഡ് കേസുകൾ വർധിച്ചതിനെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതിന് ശേഷമുണ്ടായ വൻ വിജയം ബി.ജെ.പിക്ക് വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. ഈ വർഷം ഫെബ്രുവരിയിൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും ബി.ജെ.പി വൻ വിജയം സ്വന്തമാക്കിയിരുന്നു.