ബിൽകീസ് ബാനു കേസിൽ പ്രതികളെ മോചിപ്പിച്ചത് കേന്ദ്ര സർക്കാര്‍ അനുമതിയോടെ-പ്രതിഭാഗം അഭിഭാഷകൻ

'മോജോ സ്റ്റോറി' യൂട്യൂബ് ചാനലിൽ ബർഖ ദത്ത് നയിച്ച ചർച്ചാ പരിപാടിയിലായിരുന്നു പ്രതിഭാഗം അഭിഭാഷകന്‍ റിഷി മല്‍ഹോത്രയുടെ വെളിപ്പെടുത്തല്‍

Update: 2022-09-06 08:37 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബിൽകീസ് ബാനു കേസിൽ നിർണായക വെളിപ്പെടുത്തൽ. കേസിൽ മുഴുവൻ പ്രതികളെയും മോചിപ്പിച്ചത് കേന്ദ്ര സർക്കാരിന്റെ അനുമതിയോടെയാണെന്ന് പ്രതിഭാഗം അഭിഭാഷകൻ റിഷി മൽഹോത്ര വെളിപ്പെടുത്തി. 'മോജോ സ്‌റ്റോറി' യൂട്യൂബ് ചാനലിൽ 'ബോട്ടംലൈൻ വിത്ത് ബർഖ' എന്ന ചർച്ചാപരിപാടിയിലായിരുന്നു അഭിഭാഷകൻ ഇക്കാര്യം വ്യക്തമാക്കിയത്.

പ്രതികളെ മോചിപ്പിക്കണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണമെന്ന് നിയമത്തിൽ പറയുന്നുണ്ടെന്ന് ബർഖ ദത്ത് ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു പ്രതിഭാഗം അഭിഭാഷകൻ റിഷി മൽഹോത്രയുടെ പ്രതികരണം. പ്രതികളെ മോചിപ്പിക്കാൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടെന്നും അതെക്കുറിച്ച് തനിക്ക് വ്യക്തമായ വിവരമുണ്ടെന്നും റിഷി വെളിപ്പെടുത്തി. നിയമപ്രകാരമായിരുന്നു മോചനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എല്ലാ ഉത്തരവാദിത്തത്തോടെയുമാണ് താൻ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. എന്റെ പ്രസ്താവന രേഖപ്പെടുത്തിവച്ചോളൂ. കേന്ദ്ര സർക്കാരിന്റെ അംഗീകാരം വാങ്ങിയിട്ടുണ്ടെന്നും റിഷി മൽഹോത്ര കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച കഴിഞ്ഞ ആഗസ്റ്റ് 15നാണ് ബിൽകീസ് ബാനു കേസിലെ 11 പ്രതികളെ ഗുജറാത്ത് സർക്കാർ വിട്ടയച്ചത്. പ്രതികൾ മോചിതരായി മൂന്നാഴ്ച കഴിയുമ്പോഴാണ് അഭിഭാഷകന്റെ വെളിപ്പെടുത്തൽ. എന്നാൽ, കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. ബിൽകീസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ഇതിലാണ് കേന്ദ്രത്തിന്റെ അറിവും സമ്മതവുമുണ്ടായിരുന്നുവെന്ന അഭിഭാഷകന്റെ വെളിപ്പെടുത്തൽ.

ബിൽകീസ് ബാനു കേസ്

2002ലെ ഗുജറാത്ത് വംശഹത്യയിൽ ഏറെ ശ്രദ്ധ നേടിയ സംഭവമാണ് ബിൽകീസ് ബാനു കേസ്. അന്നു ഗർഭിണിയായ 21കാരി ബിൽകീസ് ബാനുവിനെ കുടുംബാംഗങ്ങൾക്ക് മുന്നിലിട്ട് കൂട്ടബലാത്സംഗം ചെയ്യുകയും ഏഴ് കുടുംബാംഗങ്ങളെ നിഷ്‌കരുണം കൊലപ്പെടുത്തുകയുമായിരുന്നു. കൊല്ലപ്പെട്ടവരിൽ ബിൽകീസ് ബാനുവിന്റെ പിഞ്ചുകുഞ്ഞുമുണ്ടായിരുന്നു. അഞ്ചുമാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു മരിച്ചുവെന്നു കരുതിയാണ് അക്രമിസംഘം സ്ഥലംവിട്ടത്.

കേസിൽ കോടതി ജീവപര്യന്തം തടവിനുശിക്ഷിച്ച 11 പേരെയാണ് ഇത്തവണ സ്വാതന്ത്ര്യദിനത്തിൽ ഗുജറാത്ത് സർക്കാർ വെറുതെവിട്ടത്. ബിൽക്കീസ് ബാനു നടത്തിയ വർഷങ്ങൾ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് 2008 ജനുവരി 21ന് മുംബൈയിലെ സി.ബി.ഐ കോടതി 11 പേരെ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ബിൽക്കീസിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രിംകോടതി സംസ്ഥാന സർക്കാരിനോട് ഉത്തരവിടുകയും ചെയ്തിരുന്നു.

Full View

എന്നാൽ, 15 വർഷത്തെ ജയിൽവാസത്തിനുശേഷം പ്രതികളിലൊരാൾ ജയിൽമോചനം ആവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചു. തുടർന്ന് ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാരിനോട് സുപ്രിംകോടതി നിർദേശിച്ചു. സർക്കാർ ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ ഈ കമ്മിറ്റി ഏകകണ്ഠമായി ശിപാർശ ചെയ്യുകയുമുണ്ടായി. ഈ ശിപാർശ അംഗീകരിച്ചാണ് ഗുജറാത്ത് സർക്കാർ മുഴുവൻ പ്രതികളെയും വിട്ടയയ്ക്കാൻ ഉത്തരവിറക്കിയത്.

Summary: ''11 convicts who raped Bilkis Bano were released as per the 1992 law and the Centre's consent was sought and given'', says Rishi Malhotra, the lawyer for the convicts

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News