ബീർഭൂം ജില്ലയിലെ തൃണമൂൽ നേതാവിന്റെ കൊലപാതകം; സിബിഐ അന്വേഷണത്തിന് ഉത്തരവ്
കൊലപാതകത്തിന്റെ പ്രതികാരമായി ബോഗ്തായ് ഗ്രാമത്തിൽ ഒമ്പതുപേരെ കത്തിച്ചുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം.
കൊൽക്കത്ത: ബീർഭും ജില്ലയിൽ തൃണമൂൽ നേതാവായ ബാദു ഷൈയ്ഖിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണത്തിന് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടു. കൊലപാതകത്തിന്റെ പ്രതികാരമായി ബോഗ്തായ് ഗ്രാമത്തിൽ ഒമ്പതുപേരെ കത്തിച്ചുകൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമായിരുന്നു സംഭവം.
ഒമ്പതുപേർ കൊല്ലപ്പെട്ടതിനെക്കുറിച്ച് സിബിഐ അന്വേഷണത്തിന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. രണ്ട് സംഭവങ്ങളും തമ്മിൽ പരസ്പരം ബന്ധമുള്ളതിനാലാണ് തൃണമൂൽ നേതാവിന്റെ കൊലപാതകവും സിബിഐ അന്വേഷിക്കാൻ ഉത്തരവിടുന്നതെന്ന് കോടതി പറഞ്ഞു.
മാർച്ച് 21നാണ് ഗ്രാമത്തിൽ കൂട്ടക്കൊലപാതകം നടന്നത്. മാർച്ച് 25നാണ് ഹൈക്കോടതി അന്വേഷണം സിബിഐക്ക് കൈമാറാൻ നിർദേശിച്ച് ഉത്തരവിറക്കിയത്. കേസിൽ സമഗ്രമായ അന്വേഷണം ആവശ്യമുള്ളതുകൊണ്ടാണ് സിബിഐക്ക് കൈമാറുന്നതെന്ന് കോടതി പറഞ്ഞു.
കലാപത്തിൽ ഒളിവിൽ പോയ പ്രതിയുടെ വീട്ടിൽനിന്ന് ഏതാനും ദിവസം മുമ്പ് ബോംബുകൾ കണ്ടെത്തിയിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സിബിഐയും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. കേസിലെ പ്രതിയായ പലാഷ് ഷെയ്ഖിന്റെ വീട്ടിൽനിന്നാണ് ബോംബ് കണ്ടെത്തിയത്.