ബിർഭൂം കലാപം: സി.ബി.ഐ അന്വേഷണം തുടരുന്നു, എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
കേസിൽ ഇത് വരെ പിടിയിലായ മുഴുവൻ പേരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണ്
ബംഗാള്‍: തൃണമൂൽ കോൺഗ്രസ് നേതാവിന്‍റെ കൊലപാതകത്തിന് പിന്നാലെ ബംഗാളിലെ ബിർഭൂമിലുണ്ടായ ആക്രമണത്തിൽ സി.ബി.ഐ അന്വേഷണം തുടരുന്നു. പ്രത്യേക അന്വേഷണ സംഘം കൈമാറിയ 21 പേരെയാണ് കേസിൽ സി.ബി.ഐ പ്രതി ചേർത്തിരിക്കുന്നത്. ഇവർക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 147,148,149 എന്നീ വകുപ്പുകൾ പ്രകാരം സായുധ കലാപ ശ്രമം, നിയമ വിരുദ്ധമായ സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ ഇത് വരെ പിടിയിലായ മുഴുവൻ പേരും തൃണമൂൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളുമാണ്.
ബിർഭൂം കൂട്ടക്കൊലയിൽ ഇത് വരെയുള്ള അന്വേഷണ പുരോഗതി സംബന്ധിച്ച കേസ് ഡയറി ഹാജരാക്കാൻ പ്രത്യേക അന്വേഷണ സംഘത്തോട് സിബിഐ ആവശ്യപ്പെട്ടിരുന്നു. കേസിന്‍റെ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ രാംപൂർ ഹട്ടിലെ ഗസ്റ്റ് ഹൗസിൽ അന്വേഷണ സംഘം ഓഫീസും ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ട തെളിവ് ശേഖരണം പൂർത്തിയായ സാഹചര്യത്തിൽ കൂടുതൽ സാക്ഷി മൊഴികൾ രേഖപ്പെടുത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സംഭവ സ്ഥലം സന്ദർശിച്ച സി.ബി.ഐ കേസ് നേരത്തെ അന്വേഷിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥരെ നേരിൽ കണ്ട് വിവരങ്ങൾ ശേഖരിച്ചിരുന്നു. തീവെയ്പ്പിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേരിൽ നിന്നും സി.ബി.ഐ വിവരങ്ങൾ ശേഖരിക്കും. കേസ് വീണ്ടും പരിഗണിക്കുന്ന ഏപ്രിൽ ഏഴിന് മുൻപ് കേസിന്‍റെ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ഹാജരാക്കാൻ സി.ബി.ഐയോട് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
Birbhum riots: CBI probe continues, FIR registered