ബി.ജെ.പിയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; യുവാവിന്‍റേത് കൊലപാതകമല്ല, മുങ്ങിമരണമാണെന്ന് സി.ബി.ഐ

അഞ്ചുവർഷം മുമ്പ് മരിച്ച യുവാവിനെ മുസ്‍ലിങ്ങള്‍ കൊലപ്പെടുത്തിയതെന്നായിരുന്നു ബി.ജെ.പി ആരോപണം

Update: 2022-10-06 06:30 GMT
Editor : Lissy P | By : Web Desk
Advertising

ബംഗളൂരു: കർണാടകയിൽ അഞ്ചുവർഷം മുമ്പ് മരിച്ച നിലയിൽ കാണപ്പെട്ട യുവാവിനെ മുസ്‍ലിങ്ങള്‍ കൊലപ്പെടുത്തിയതാണെന്ന ബി.ജെ.പി പ്രചാരണം പൊളിച്ച് സി.ബി.ഐ. യുവാവിൻറേത് മുങ്ങിമരണമാണെന്നും കൊലപാതകമല്ലെന്നും സി.ബി.ഐ കണ്ടെത്തുകയായിരുന്നു. തുടർന്ന് അന്വേഷണം അവസാനിപ്പിക്കുന്നതിനുള്ള റിപ്പോർട്ട് ഹൊന്നവൂർ കോടതിയിൽ സമർപ്പിച്ചു. കസ്റ്റഡിയിലെടുത്തവർക്ക് മരണത്തിൽ പങ്കുണ്ടെന്നതിന് ഒരു തെളിവും ലഭിച്ചില്ലെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സി.ബി.ഐ ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ 14ന് കോടതി ഇക്കാര്യം പരിഗണിക്കും.

2017 ഡിസംബർ 8 നാണ് ഉത്തര കന്നഡ ജില്ലയിലെ ഹൊന്നാവറിലെ ഷെട്ടികെരെ തടാകത്തിൽ പതിനെട്ടുകാരനായ പരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പരേഷിനെ മുസ്‍ലിങ്ങൾ കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് കർണാടകയിൽ വൻ വർഗീയ സംഘർഷം തന്നെ നടന്നിരുന്നു. കോൺഗ്രസ് ഭരണകാലത്താണ് ഉത്തര കന്നട ജില്ലയിലെ ഹൊന്നവൂർ ടൗണിൽ നടന്ന വർഗീയ സംഘർഷത്തിനുശേഷം പരേഷ് മേസ്ത എന്ന 19കാരനെ മരിച്ച നിലയിൽ തടാകത്തിൽ കാണപ്പെടുന്നത്.

രണ്ട് ദിവസം മുമ്പേ ഇയാളെ കാണാതായിരുന്നു. യുവാവിനെ മുസ്‍ലികൾ മർദിച്ച് കൊല്ലുകയായിരുന്നുവെന്ന് പ്രതിപക്ഷത്തിരുന്ന ബി.ജെ.പി പ്രചാരണം നടത്തി. ഡിസംബർ 12ന് ബി.ജെ.പി നടത്തിയ സമരത്തിൽ പൊലീസിന് നേരെ വൻകല്ലേറുണ്ടാവുകയും പൊലീസ് വാഹനം കത്തിക്കുകയും ചെയ്തു.

 തുടർന്ന് പിറ്റേദിവസംതന്നെ കോൺഗ്രസ് സർക്കാർ അന്വേഷണം സി.ബി.ഐക്ക് വിടുകയായിരുന്നു. അന്വേഷത്തിന്റെ ഭാഗമായി സി.ബി.ഐ മൂന്ന് മുസ്‍ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തിരുന്നുവെങ്കിലും പിന്നീട് അവരെ വിട്ടയക്കുകയായിരുന്നു.

തന്റെ മകനെ മുസ്‍ലിം യുവാക്കള്‍ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് പരേഷിന്റെ പിതാവ് കമലാകർ മേസ്ത പരാതി നൽകിയിരുന്നു. അന്വേഷണത്തിനിടെ പ്രതികളുടെ പങ്കാളിത്തം കാണിക്കുന്ന തെളിവുകളൊന്നും കണ്ടെത്താനായില്ലെന്നും മുങ്ങിമരണമാണ് സ്ഥിരീകരിച്ചെന്നും സി.ബി.ഐ കുടുംബത്തിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, പരേഷിന്റെ പിതാവ് കമലാകർ മേസ്ത മകൻ കൊല്ലപ്പെട്ടുവെന്ന് വിശ്വസിക്കുന്നുവെന്നും സിബിഐയുടെ നിഗമനം അംഗീകരിക്കില്ലെന്നും മാധ്യമങ്ങളോട് പറഞ്ഞു. കേസിലെ തെളിവുകൾ നശിപ്പിച്ചെന്നും കുടുംബവുമായി ചർച്ച ചെയ്ത് അടുത്ത നടപടി തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സി.ബി.ഐ അന്വേഷണറിപ്പോർട്ട് ബി.ജെ.പിയുടെ മുഖത്തേറ്റ അടിയാണെന്ന് അന്നത്തെ മുഖ്യമന്ത്രിയും നിലവിൽ പ്രതിപക്ഷനേതാവുമായ സിദ്ധരാമയ്യ പറഞ്ഞു.നിരപരാധിയായ ഒരു യുവാവിന്റെ മരണം അനാരോഗ്യകരവും അധാർമികവുമായ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുകയാണ് ബി.ജെ.പി ചെയ്തതെന്നും നാണം അവശേഷിക്കുന്നെങ്കിൽ അവർ മാപ്പുപറയണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട തെളിവുകൾ അന്നത്തെ കോൺഗ്രസ് സർക്കാർ നശിപ്പിച്ചെന്നും സി.ബി.ഐ റിപ്പോർട്ട് തെറ്റാണെന്നും മുതിർന്ന ബിജെപി നേതാവ് ഈശ്വരപ്പ പറഞ്ഞു. കേസ് പുനരന്വേഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും അഭ്യർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.  സിബിഐ  റിപ്പോർട്ട് അംഗീകരിച്ചാൽ പ്രതിഷേധിക്കുമെന്ന് ശ്രീരാമസേന ഉൾപ്പെടെയുള്ള നിരവധി ഹിന്ദുത്വ സംഘടനകളും മുന്നറിയിപ്പ് നല്‍കിട്ടുണ്ട്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News