തങ്ങളെ അക്രമിക്കാൻ മുഖ്യമന്ത്രി അക്രമികളെ കയറൂരിവിടുകയാണെന്ന് ബിജെപി; ബിഹാറിൽ എൻഡിഎ സഖ്യത്തിൽ ഭിന്നത രൂക്ഷം

പ്രതിഷേധത്തിനിടെ ബിഹാറിൽ നിരവധി ബിജെപി നേതാക്കളുടെ വീടും ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതെല്ലാം ജെഡിയു നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്.

Update: 2022-06-21 04:46 GMT
Advertising

പട്‌ന: അഗ്നിപഥ് പദ്ധതിയിലെ ഭിന്നത ബിഹാറിൽ ബിജെപി-ജെഡിയു സഖ്യത്തെ ഉലയ്ക്കുന്നു. അഗ്നിപഥിനെതിരെ ബിഹാറിൽ അക്രമികൾ അഴിഞ്ഞാടിയത് ജെഡിയു പിന്തുണയോടെയാണ് എന്നാണ് ബിജെപി നേതാക്കൾ ആരോപിക്കുന്നത്.

പ്രതിഷേധത്തിനിടെ ബിഹാറിൽ നിരവധി ബിജെപി നേതാക്കളുടെ വീടും ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതെല്ലാം ജെഡിയു നേതൃത്വത്തിന്റെ മൗനാനുവാദത്തോടെയാണ് എന്നാണ് ബിജെപി ആരോപിക്കുന്നത്. ബിഹാർ കത്തുമ്പോൾ സർക്കാർ ഉറങ്ങുകയാണെന്ന് സംസ്ഥാന വക്താവ് അരവിന്ദ് സിങ് കുറ്റപ്പെടുത്തി. ജെഡിയു മുന്നണി മര്യാദ പാലിക്കുന്നില്ല. സഖ്യകക്ഷിയിലെ ഉപമുഖ്യമന്ത്രിയുടെ, പാർട്ടി അധ്യക്ഷന്റെ എല്ലാം വീട് ആക്രമിക്കുന്ന ദൗർഭാഗ്യകരമായ സംഭവം ഇവിടെ മാത്രമാണ് നടക്കുന്നതെന്നും അരവിന്ദ് സിങ് പറഞ്ഞു.

നിതീഷ് കുമാർ അക്രമികളെ കയറൂരിവിട്ടിരിക്കുകയാണെന്ന് ബിജെപി അധ്യക്ഷൻ സഞ്ജയ് ജയ്‌സ്വാൾ ആരോപിച്ചു. ബിജെപി നേതാക്കളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാറിനാണെന്നും അദ്ദേഹം ആരോപിച്ചു. വെള്ളിയാഴ്ച പ്രതിഷേധക്കാർ ബെട്ടിയ ജില്ലയിലെ തന്റെ വീട് ആക്രമിച്ചപ്പോൾ, ഞങ്ങൾ അഗ്നിശമന സേനയെ വിളിച്ചു. പ്രാദേശിക ഭരണകൂടം അനുവദിച്ചാൽ മാത്രമേ എത്താനാവൂ എന്നാണ് അവർ പറഞ്ഞത്-ജയ്‌സ്വാൾ പറഞ്ഞു.

ഇതിന് പിന്നാലെ ബിജെപി നേതൃത്വത്തിന് മറുപടിയുമായി ജെഡിയു ദേശീയ പ്രസിഡന്റ് രാജീവ് രഞ്ജൻ ഏലിയാസ് ലാലൻ സിങ് രംഗത്തെത്തി. ''കേന്ദ്രസർക്കാർ ഒരു തീരുമാനമെടുത്തു. ഇതിനെതിരെ മറ്റു സംസ്ഥാനങ്ങളിലും പ്രതിഷേധം നടക്കുന്നുണ്ട്. തങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്ക മൂലമാണ് യുവാക്കൾ പ്രതിഷേധത്തിനിറങ്ങിയത്. തീർച്ചയായും അക്രമം ഒരു പരിഹാരമല്ല, അക്രമത്തെ നമുക്കൊരിക്കലും അംഗീകരിക്കാനാവില്ല. പക്ഷെ സംസ്ഥാന സർക്കാറിനെ പഴിക്കുന്നതിന് പകരം ഈ യുവസമൂഹം ഉന്നയിക്കുന്ന ആശങ്കകൾ കൂടി കേൾക്കാൻ ബിജെപി നേതൃത്വം തയ്യാറാകണം''- ഒരു വീഡിയോ സന്ദേശത്തിൽ രാജീവ് രഞ്ജൻ പറഞ്ഞു.

ജൂൺ 17ന് നടന്ന അക്രമത്തിൽ ഉപമുഖ്യമന്ത്രി രേണു ദേവിയുടെ വീട് അടക്കം നിരവധി ബിജെപി നേതാക്കളുടെ വീടും ഓഫീസുകളും അക്രമിക്കപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ട് ഉപമുഖ്യമന്ത്രിമാരടക്കം ബിഹാറിലെ 10 മുതിർന്ന ബിജെപി നേതാക്കൾക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. അഗ്നിപഥിനെതിരെ ഏറ്റവും ശക്തമായ പ്രതിഷേധം നടന്ന സംസ്ഥാനമാണ് ബിഹാർ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News