വനിതാശാക്തീകരണ പദ്ധതിയെ 'പിച്ച'യെന്ന് വിശേഷിപ്പിച്ചു ഖുശ്ബുവിനെതിരെ തമിഴ്‌നാട്ടിൽ വൻ പ്രതിഷേധം
ഡി.എം.കെ നേതാക്കളുടെ സത്രീവിരുദ്ധ പരാമർശങ്ങൾ പങ്കുവച്ച് ഖുശ്ബുവിൻ്റെ പ്രതികരണം
സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന തമിഴ്‌നാട് സർക്കാരിന്റെ പദ്ധതിയെ, 'പിച്ച'യെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെ ദേശീയ വനിതാ കമ്മീഷൻ അംഗവും ബി.ജെ.പി നേതാവുമായ ഖുശ്ബു സൂന്ദറിനെതിരെ വൻ പ്രതിഷേധം.
സമീപകാലത്ത് തമിഴ്‌നാട്ടിൽ നടന്ന 2000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ടയെക്കുറിച്ചും, ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ചലചിത്ര നിർമ്മാതാവ് ജാഫർ സാദിഖിക്കിനെക്കുറിച്ചും സംസാരിക്കവേയായിരുന്നു ഖുശ്ബുവിന്റെ വിവാദ പരാമർശം.
ആയിരം രൂപ പിച്ച നൽകിയാൽ ഡി.എം.കെക്ക് സ്ത്രീകൾ വോട്ട് ചെയ്യില്ല. തമിഴ്‌നാട്ടിലെ ലഹരിമരുന്ന് വിപത്ത് തടയാൻ സർക്കാർ ശ്രമിക്കുന്നില്ല. സർക്കാർ മദ്യവിൽപന മേഖലയായ, ടാസ്മാക്കിനെ തടഞ്ഞാൽ ആയിരം രൂപ പിച്ച വാങ്ങേണ്ട അവസ്ഥ സ്ത്രീകൾക്ക് വരില്ലെന്നും ഖുശ്ബു കൂട്ടിച്ചേർത്തു.
ഖുശ്ബുവിന്റെ പരാമർശത്തിന് പിന്നാലെ ഡി.എം.കെയുടെ വനിതാവിഭാഗം സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു.
എന്നാൽ വിവാദത്തിനെതിരെ പ്രതികരണവുമായി ഖുശ്ബുവും രംഗത്തുവന്നു. തന്നെ വാർത്തകൾക്കായി ഡി.എം.കെ വേട്ടയാടുകയാണെന്ന് പറഞ്ഞ ഖുശ്ബു, ലഹരിമരുന്ന് ഭീഷണിയിൽ നിന്നും, ടാസ്മാകിൽ നിന്നും തമിഴ് ജനതയെ സംരക്ഷിക്കാനാണ് താൻ സംസാരിച്ചതെന്നും എക്‌സിൽ കുറിച്ചു.
1982ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന എം.ജി.ആർ പാവങ്ങൾക്ക് ഭക്ഷണം നൽകിയപ്പോൾ കേന്ദ്രമന്ത്രി മുരസൊളി മാരൻ അതിനെ പിച്ചയോട് ഉപമിച്ചതിനെ ആരും അപലപിച്ചില്ലെന്നും ഖുഷ്ബു കൂട്ടിച്ചേർത്തു. ഡി.എം.കെ നേതാക്കൾ നടത്തിയ സത്രീവിരുദ്ധ പരാമർശങ്ങൾ പങ്കുവച്ചുകൊണ്ടായിരുന്നു ഖുശ്ബുവിന്റെ കുറിപ്പ്.
ടാസ്മാക്കിൽ നിന്നും കമ്മീഷൻ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് സർക്കാർ, പുരുഷന്മാരുടെ മദ്യ ഉപഭോഗം സ്ത്രീകളെ വേദനിപ്പിക്കുന്നു, മദ്യവിൽപന ഒഴിവാക്കി പണം ലാഭിക്കാൻ പുരുഷന്മാരെ പ്രോത്സാഹിപ്പിച്ചാൽ സ്ത്രീകൾക്ക് 1000 രൂപ പ്രതിമാസം നൽകേണ്ടതില്ലെന്നാണ് താൻ പറഞ്ഞതെന്നും ഖുശ്ബു കുറിച്ചു.
' കലൈഞ്ജർ മഗളിർ ഉറിമൈ തിട്ട'ത്തെ പിച്ചയെന്ന് വിളിച്ച്, പദ്ധതിയുടെ പ്രയോജനം ലഭിക്കുന്ന 1.06 കോടി സത്രീകളെ ഖുശ്ബു അപമാനിച്ചെന്നാരോപിച്ച്, തമിഴ്നാട് സാമൂഹ്യക്ഷേമ, വനിതാ ശാക്തീകരണ മന്ത്രി ഗീതാ ജീവൻ രംഗത്തുവന്നു.
'ഇത് അങ്ങേയറ്റം വേദനാജനകമാണ്, സ്ത്രീകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ അവൾ അറിയില്ലെന്ന് കാണിക്കുന്നു. ഈ 1000 രൂപ സ്ത്രീകൾക്ക് എത്രത്തോളം സഹായകരമാണെന്ന് നിങ്ങൾക്കറിയാമോ? ഒന്നും അറിയാതെ നിങ്ങൾ നിങ്ങളുടെ വീട്ടിൽ നിന്ന് പുറത്തിറങ്ങി മൈക്ക് പിടിച്ച് എന്തെങ്കിലും പറയുന്നു. ഞാൻ ഇതിനെ അപലപിക്കുന്നു,- എന്നായിരുന്നു ഗീതാ ജീവന്റെ പ്രതികരണം.