'മുസ്‍ലിംകള്‍ ലാന്‍ഡ് ജിഹാദ് നടത്തുന്നു': നിയമസഭയില്‍ ബിജെപി എംഎല്‍എയുടെ വര്‍ഗീയ പരാമര്‍ശം
മുസ്‍ലിംകള്‍ ഉയര്‍ന്ന വിലയ്ക്ക് ഭൂമി വാങ്ങിക്കൂട്ടുകയാണെന്നാണ് എംഎല്‍എ ആരോപിച്ചത്
മുസ്ലിംകൾ 'ലാൻഡ് ജിഹാദ്' നടത്തുന്നുവെന്ന ആരോപണവുമായി ബിജെപി എംഎൽഎ. രാജസ്ഥാനിലെ മാൽപുരയിൽ ലാന്‍ഡ് ജിഹാദ് നടക്കുന്നുവെന്നാണ് ബിജെപി എംഎല്‍എ കനയ്യ ലാലിന്‍റെ ആരോപണം. നിയമസഭയിലാണ് എംഎല്‍എ ഈ ആരോപണം ഉന്നയിച്ചത്.
മാൽപുര പെട്ടെന്ന് അസ്വസ്ഥതകളുണ്ടാകുന്ന പ്രദേശമാണ്. 1950 മുതൽ നിരന്തരമായി സാമുദായിക സംഘർഷങ്ങൾ ഉണ്ടാവുകയും നൂറിലധികം പേർ മരിക്കുകയും ചെയ്തിട്ടുണ്ടെന്ന് എംഎല്‍എ പറഞ്ഞു.
'ഹിന്ദുക്കളുടെ വീടുകളും ഭൂമിയും വാങ്ങാന്‍ മുസ്‍ലിംകള്‍ കാമ്പെയിന്‍ നടത്തുകയാണ്. സംസ്ഥാന സർക്കാർ നിശ്ചയിച്ച നിരക്കിനേക്കാൾ ഉയർന്ന വിലയ്ക്കാണ് വാങ്ങുന്നത്. അനധികൃതമായി വാങ്ങുന്ന ഈ വീടുകളിൽ അവർ താമസിക്കാൻ തുടങ്ങുന്നു. തുടർന്ന് എല്ലാ ദിവസവും ഹിന്ദുക്കളായ അയല്‍വാസികളുമായി വഴക്കുണ്ടാക്കി ഭീഷണിപ്പെടുത്തുന്നു. ഹിന്ദു പെൺകുട്ടികളെയടക്കം ആക്ഷേപിക്കുന്നു. ഇത് അരക്ഷിതവും ഭീതിജനകവുമായ അന്തരീക്ഷത്തിലേക്ക് നാടിനെ തള്ളിവിട്ടു. ഈ ഭാഗത്തുനിന്ന് 600-800 ഹിന്ദു കുടുംബങ്ങള്‍ പലായനം ചെയ്തു'- എംഎല്‍എ ആരോപിച്ചു.
മുസ്‍ലിംകള്‍ കൂടുതലുള്ള 9 വാര്‍ഡുകളില്‍ നിന്നാണ് ഈ പലായനമെന്നും എംഎല്‍എ ആരോപിച്ചു. രണ്ട് വാർഡുകളിൽ ജൈന ക്ഷേത്രങ്ങളുണ്ട്. ഇവിടത്തെ വഴികളിൽ എല്ലുകള്‍ ഉപേക്ഷിക്കുന്നു. മാൽപുര സബ് ഡിവിഷനൽ മജിസ്‌ട്രേറ്റിനെ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഇത്തരം പ്രവൃത്തികള്‍ തടയാൻ കർശനമായ നിയമം കൊണ്ടുവരണമെന്നും എംഎല്‍എ ആവശ്യപ്പെട്ടു.
മാൽപുരയിൽനിന്ന് ഹിന്ദു കുടുംബങ്ങൾ പലായനം ചെയ്യുകയാണെന്ന് ബിജെപി നേതൃത്വവും ആരോപിക്കുകയുണ്ടായി. ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി. ഇവര്‍ രാജസ്ഥാനിലെ ബിജെപി അധ്യക്ഷന്‍ സതീഷ് പുനിയയ്ക്ക് റിപ്പോര്‍ട്ട് കൈമാറി.