അഞ്ചു സംസ്ഥാനങ്ങളിലും വിജയം ഉറപ്പെന്ന് നരേന്ദ്ര മോദി
ബി.ജെ.പി. പ്രവർത്തകർ പാർട്ടിക്കും സാധാരണക്കാരനും ഇടയിലുള്ള വിശ്വാസത്തിന്‍റെ പാലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ബി.ജെ.പി. അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചും കോൺഗ്രസിനെ പരോക്ഷമായി വിമർശിച്ചും ബി.ജെ.പി. ദേശീയ എക്സിക്യൂട്ടീവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി. പ്രവർത്തകർ പാർട്ടിക്കും സാധാരണക്കാരനും ഇടയിലുള്ള വിശ്വാസത്തിന്‍റെ പാലമായി മാറണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയെ നയിക്കുന്നത് ഒരു കുടുംബമല്ല, പൊതുജന ക്ഷേമത്തിലൂന്നിയ സംസ്കാരമാണെന്നും മോദി കൂട്ടിച്ചേർത്തു.
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ 117 സീറ്റിലും മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ അശ്വനി ശര്‍മയാണ് പറഞ്ഞു. ഉത്തർ പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരും ബി.ജെ.പി. അധ്യക്ഷന്മാരും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ ദേശീയ എക്സിക്യൂട്ടീവിൽ അവതരിപ്പിച്ചെന്ന് മുതിർന്ന നേതാവ് ഭൂപീന്ദർ യാദവും പറഞ്ഞു.
ദേശീയ എക്‌സിക്യൂട്ടീവ് യോഗത്തിന്‍റെ അവസാനം അവതരിപ്പിച്ച പ്രമേയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തെ അഭിനന്ദിച്ചു. പ്രതിപക്ഷം അവസരവാദം കാണിക്കുകയാണെന്ന് ആരോപിച്ച പ്രമേയം, അതിതീവ്ര വെറുപ്പാണ് പ്രതിപക്ഷത്തിന്‍റെ മാനസികാവസ്ഥയെന്നും ആരോപിച്ചു. സമീപഭാവിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലും അതത് സര്‍ക്കാരുകളുടെ വികസന പദ്ധതികളുടെയും പാര്‍ട്ടിയുടെ സംഘടനാശക്തിയുടെയും പിന്‍ബലത്തില്‍ ബി.ജെ.പി. വന്‍വിജയം നേടുമെന്നും പ്രമേയം പറയുന്നു