'ക്രിസ്ത്യാനികളെയും മുസ്‌ലിംകളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കും'; പ്രതിജ്ഞ ചെയ്ത് ബി.ജെ.പി, വി.എച്ച്.പി പ്രവർത്തകർ
ഹിന്ദുക്കളുടെ കടകളിലും സ്ഥാപനങ്ങളിലും ബോർഡുകൾ വെക്കണമെന്നും പ്രതിജ്ഞയിലുണ്ട്
ജഗദൽപൂർ: മുസ്‌ലിംകളെയും ക്രിസ്ത്യാനികളെയും സാമ്പത്തികമായി ബഹിഷ്‌കരിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ബി.ജെ.പി, വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകർ. ഛത്തീസ്ഗഡിലെ ജഗദൽപൂരിലാണ് സംഭവം. മുൻ എംപി ദിനേശ് കശ്യപിന്റെ സാന്നിധ്യത്തിലായിരുന്നു പ്രതിജ്ഞ.
മുസ്‌ലിംകളിൽ നിന്നും ക്രിസ്ത്യാനികളിൽ നിന്നും ഞങ്ങൾ ഹിന്ദുക്കൾ സാധനങ്ങൾ വാങ്ങുകയോ വില്ക്കുകയോ,ഭൂമി വിൽക്കുകയോ വാടകക്ക് കൊടുക്കുകയോ ചെയ്യില്ല. ഞങ്ങൾ ഹിന്ദുക്കൾ മുസ്‌ലിംകൾക്കൊപ്പവും ക്രിസ്ത്യാനികൾക്കൊപ്പവും പ്രവർത്തിക്കില്ല. കടകളിലും സ്ഥാപനങ്ങളിലും ഹിന്ദുക്കളുടേതാണെന്ന് മനസിലാക്കുന്ന രീതിയിൽ ബോർഡുകൾ വെക്കണം' തുടങ്ങിയവാണ് പ്രതിജ്ഞ ചെയ്തത്.
ജഗദൽപൂരിൽ നടന്ന പ്രതിഷേധ പരിപാടിയിലായിരുന്നു ബിജെപിയുടെയും വിശ്വഹിന്ദു പരിഷത്തിന്റെയും പ്രവർത്തകർ സാമ്പത്തിക ബഹിഷ്‌കരണ പ്രതിജ്ഞയെടുക്കുന്നത്. മുൻ ബസ്തർ ലോക്സഭാ എംപി ദിനേശ് കശ്യപിന് പുറമെ ബസ്തർ മേഖലയിൽ നിന്നുള്ള നേതാക്കൾ, കമൽ ചന്ദ്ര ഭഞ്ജ്ദിയോ എന്നിവരും പങ്കെടുത്തു. അതേസമയം, പരിപാടിയിൽ പങ്കെടുക്കുക മാത്രമായിരുന്നു ചെയ്തതെന്നും താൻ പ്രതിജ്ഞ എടുത്തിട്ടില്ലെന്ന് ദിനേശ് കശ്യപ് പറഞ്ഞതായി ദി ഹിന്ദു റിപ്പോർട്ട് ചെയ്തു.
നടുറോഡിൽ നടത്തിയ പ്രതിജ്ഞയുടെ വീഡിയോയും വൈറലായിട്ടുണ്ട്. കഴിഞ്ഞ ശനിയാഴ്ച ബിരാൻപൂർ ഗ്രാമത്തിൽ രണ്ടുസമുദായങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ ഒരു യുവാവ് കൊല്ലപ്പെട്ടിരുന്നു. മൂന്ന് പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച ഗ്രാമത്തിന് സമീപം വ്യത്യസ്ത സമുദായത്തിൽ നിന്നുള്ള രണ്ട് താമസക്കാരെ കൂടി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയും ചെയ്തിരുന്നു. സംസ്ഥാനത്തെ കോൺഗ്രസ് സർക്കാർ ഹിന്ദുക്കളുടെ സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്നുവെന്ന് ബിജെപിയും വിഎച്ച്പിയും ആരോപിച്ചു,
സംഭവം ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും ഛത്തീസ്ഗഢ് പൊലീസ് പറഞ്ഞു. അവിടെയുണ്ടായിരുന്ന ചില വ്യക്തികളോടും സംസാരിച്ചിട്ടുണ്ടെന്നും മതത്തിന്റെ പേരിലുള്ള വിവേചനമാണ് നടന്നതെന്ന് പ്രഥമദൃഷ്ട്യാ തെളിഞ്ഞിട്ടുണ്ടെന്ന് ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ബസ്തർ റേഞ്ച്) പി.സുന്ദർരാജിനെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്തു.