സീറ്റ് നിഷേധിച്ചു; ഗോവയിൽ ബി.ജെ.പിയുമായി ഇടഞ്ഞ് മുൻ മുഖ്യമന്ത്രിയുടെ മകൻ
ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന മനോഹർ പരീക്കർ മൂന്നു തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്.
പനാജിയിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പിയുമായി ഇടഞ്ഞ് ഗോവ മുൻ മുഖ്യമന്ത്രി മനോഹർ പരീക്കറുടെ മകൻ ഉത്പൽ പരീക്കർ. പിതാവ് മനോഹർ പരീക്കർ മത്സരിച്ചിരുന്ന പനാജി സീറ്റ് തനിക്ക് നൽകണമെന്നായിരുന്നു ഉത്പൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബി.ജെ.പിയുടെ ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ കോൺഗ്രസ് വിട്ടുവന്ന അറ്റനാസിയോ പരേറ്റയുടെ പേരാണ് പനാജിയിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
മറ്റു രണ്ട് സീറ്റുകൾ നേതൃത്വം വാഗ്ദാനം ചെയ്‌തെങ്കിലും ഉത്പൽ നിരസിക്കുകയായിരുന്നു. എത്രയും പെട്ടന്ന് താൻ നിലപാട് വ്യക്തമാക്കുമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. ''മറ്റു രണ്ട് മണ്ഡലങ്ങളിൽ ഏതെങ്കിലും നൽകാമെന്ന് ഉത്പലിനോട് പറഞ്ഞിട്ടുണ്ട്. അദ്ദേഹം അത് സ്വീകരിക്കുമെന്നാണ് കരുതുന്നത്. പരീക്കർ കുടുംബത്തോട് ഞങ്ങൾക്ക് എന്നും ബഹുമാനമുണ്ട്''-ഗോവയുടെ ചുമതലയുള്ള ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
അതേസമയം ഉത്പൽ പരീക്കർ ആം ആദ്മി പാർട്ടിയിൽ ചേരുമെന്നും സൂചനകളുണ്ട്. പനാജി സീറ്റ് നിഷേധിക്കപ്പെട്ടതിന് പിന്നാലെയുള്ള അരവിന്ദ് കെജരിവാളിന്റെ ട്വീറ്റ് ഇതിന്റെ സൂചനയാണ്.
''ഉപയോഗിച്ച ശേഷം വലിച്ചെറിയുക എന്ന നയമാണ് പരീക്കർ കുടുംബത്തോട് പോലും ബി.ജെ.പി കാണിക്കുന്നത് എന്നത് ഗോവക്കാരെ സംബന്ധിച്ചടുത്തോളം ദുഃഖകരമാണ്. മനോഹർ പരീക്കറെ ഞാൻ എപ്പോഴും ബഹുമാനിച്ചിരുന്നു. എ.എ.പി സ്ഥാനാർഥിയായി മത്സരിക്കാൻ ഉത്പലിനെ ഞാൻ പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നു''-കെജരിവാൾ ട്വീറ്റ് ചെയ്തു.
Goans feel v sad that BJP has adopted use and throw policy even with Parrikar family. I have always respected Manohar Parrikar ji. Utpal ji is welcome to join and fight elections on AAP ticket. https://t.co/MBY8tMkPP7
— Arvind Kejriwal (@ArvindKejriwal) January 20, 2022
ഉത്പൽ പരീക്കർ സ്വതന്ത്രനായി മത്സരിക്കുകയാണെങ്കിൽ പ്രതിപക്ഷ പാർട്ടികൾ അദ്ദേഹത്തെ പിന്തുണക്കണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുതിർന്ന ബി.ജെ.പി നേതാവായിരുന്ന മനോഹർ പരീക്കർ മൂന്നു തവണ ഗോവ മുഖ്യമന്ത്രിയായിട്ടുണ്ട്. മുഖ്യമന്ത്രി പദവിയിലിരിക്കെ 2019 ലാണ് അദ്ദേഹം മരിച്ചത്. 25 വർഷത്തോളം പരീക്കർ മത്സരിച്ച മണ്ഡലമാണ് പനാജി.