റാലികൾക്കും റോഡ്‌ഷോക്കും നിരോധനം; പ്രചാരണരംഗത്ത് പുതിയ തന്ത്രങ്ങളാവിഷ്‌കരിച്ച് ബി.ജെ.പി
ഓരോ ബൂത്തിലും 8-10 മീറ്റിങ്ങുകളെങ്കിലും സംഘടിപ്പിക്കണം. ഓരോ മീറ്റിങ്ങിലും 20-50 ആളുകളെയെങ്കിലും പങ്കെടുപ്പിക്കണം. ഓരോ നേതാവും ചുരുങ്ങിയത് രണ്ട് മീറ്റിങ്ങിലെങ്കിലും പങ്കെടുത്തിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ദേശീയ അധ്യക്ഷൻ നൽകിയിരിക്കുന്നത്.
റാലികൾക്കും പൊതുപരിപാടികൾക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണമേർപ്പെടുത്തിയതോടെ പ്രചാരണരംഗത്ത് പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബൂത്ത് തലത്തിൽ പ്രവർത്തനം ശക്തമാക്കാനാണ് തീരുമാനം. ഉന്നത നേതാക്കൾ തന്നെ താഴേത്തട്ടിൽ നേരിട്ട് ഇടപെട്ട് വോട്ടർമാരുമായി ബന്ധമുണ്ടാക്കാനാണ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ നിർദേശം നൽകിയിരിക്കുന്നത്.
താഴേത്തട്ടിൽ പ്രവർത്തനം സജീവമാക്കുന്നതിന് വിവിധ കമ്മിറ്റികൾക്ക് ചുമതലകൾ വീതിച്ചുനൽകിയിട്ടുണ്ട്. ഓരോ ബൂത്തിലും 8-10 മീറ്റിങ്ങുകളെങ്കിലും സംഘടിപ്പിക്കണം. ഓരോ മീറ്റിങ്ങിലും 20-50 ആളുകളെയെങ്കിലും പങ്കെടുപ്പിക്കണം. ഓരോ നേതാവും ചുരുങ്ങിയത് രണ്ട് മീറ്റിങ്ങിലെങ്കിലും പങ്കെടുത്തിരിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ദേശീയ അധ്യക്ഷൻ നൽകിയിരിക്കുന്നത്.
ഒരു വിഭാഗം നേതാക്കൾ ഇൻഡോർ മീറ്റിങ്ങുകൾക്ക് മേൽനോട്ടം വഹിക്കുമ്പോൾ മറ്റുള്ളവർ വെർച്വൽ മീറ്റിങ്ങുകൾ നിയന്ത്രിക്കും. ബി.ജെ.പി ഹെഡ് ക്വാട്ടേഴ്‌സിൽ നിന്ന് നേരിട്ടാണ് വെർച്വൽ യോഗങ്ങൾ നടക്കുക. മഹളാ മോർച്ച, യുവമോർച്ച നേതാക്കൾക്കാണ് പൊതുസ്ഥലങ്ങളിലെ പ്രചാരണ ചുമതല. ഇവർ ബസുകളിലും മാളുകളിലും മറ്റും ജനങ്ങളുമായി സംവദിക്കും. തെരഞ്ഞെടുപ്പ് ദിവസം ആളുകളെ ബൂത്തിലെത്തിക്കുന്നതിനും സംസ്ഥാന നേതൃത്വം നേരിട്ട് പ്രവർത്തകരെ ചുമതലപ്പെടുത്തിയിട്ടുണ്ട്.