എട്ട് നിലയിൽ പൊട്ടി മോദി ടീമിലെ പ്രമുഖർ

സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, അജയ് കുമാർ മിശ്ര, അർജുൻ മുണ്ട നിരവധി പ്രമുഖരാണ് തോൽവിയറിഞ്ഞത്

Update: 2024-06-04 17:07 GMT
Advertising

ന്യൂഡൽഹി:400 സീറ്റി​ലേറെ നേടി അധികാരത്തിലെത്തുന്നത് സ്വപ്നം കണ്ട മോദി ടീമിലെ പ്രമുഖരെല്ലാം പൊട്ടുന്ന കാഴ്ചയായിരുന്നു വോട്ടെണ്ണലിന്റെ ആദ്യമണിക്കൂറിൽ തന്നെ പ്രകടമായത്. മോദി മന്ത്രിസഭയിലെ പ്രമുഖരുടെ നീണ്ടനിരയാണ് തോൽവിയറിഞ്ഞത്. ഒരുവേള വരാണാസിയിൽ മോദിയെ വരെ വെള്ളം കുടിപ്പിക്കുന്ന കണക്കുകളാണ് പുറത്തുവന്നത്. ഇടക്ക് പിന്നിൽ പോയ മോദി പിന്നീട് തിരിച്ചുവരുകയായിരുന്നു.

സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖർ, അജയ് കുമാർ മിശ്ര, അർജുൻ മുണ്ട, ആർ.കെ സിംഗ്, നിഷിത് പ്രമാണിക്, ഭഗവന്ത് കുബ, മഹേന്ദ്രനാഥ് പാണ്ഡെ, ദേബശ്രീ ചൗധരി എന്നിവരാണ് തോറ്റവരിൽ പ്രമുഖർ. പാർട്ടിയിലെ മുതിർന്ന നേതാക്കളിലൊരാളായ മനേകാ ഗാന്ധിയും തോൽവിയറിഞ്ഞവരിൽ പ്രമുഖയാണ്.

ബി.​​ജെ.പിക്ക് ഏറ്റവും വലിയ പ്രഹരമേൽപ്പിച്ചത് സ്മൃതി ഇറാനിയുടെ പരാജയമാണ്. അമേഠിയിൽ കോൺഗ്രസിന്റെ കിഷോരി ലാൽ ശർമ്മയോടാണ് ​ബി.ജെ.പിയുടെ സ്റ്റാർ കാമ്പയിനർക്ക്​ തോൽവിയറിയേണ്ടി വന്നത്. 2019-ൽ 55,000 വോട്ടുകൾക്ക് രാഹുൽ ഗാന്ധിയെ തോൽപ്പിച്ചതിനുള്ള മധുര പ്രതികാരം കൂടിയായിരുന്നു കിഷോരി ലാലിന്റെ ജയം. 1,67,196 വോട്ടിന്റെ ലീഡിനാണ് സ്മൃതി ഇറാനിയെ തോൽപ്പിച്ചത്.രാഹുൽ ഗാന്ധി​ സ്ഥാനാർഥിയാകുമെന്ന പ്രചാരണങ്ങൾക്കിടയിൽ അപ്രതീക്ഷിതമായാണ് കിഷോരി ലാൽ ശർമക്ക് ടിക്കറ്റ് ലഭിക്കുന്നത്. നിസാരനായി കാണുകയും വ്യക്തിപരമായി കിഷോരി ലാലിനെ കടന്നാക്രമിക്കുന്ന നിലപാടാണ് ബി.ജെ.പി പ്രചരണത്തിലുടനീളം സ്വീകരിച്ചിരുന്നത്.25 വർഷങ്ങൾക്ക് ശേഷം ഗാന്ധികുടുംബത്തിലെ അംഗമല്ലാത്ത ഒരാൾ അമേഠിയിൽ മത്സരിച്ചത്.

ഖേരിയി​​ൽ സ്ഥാനാർഥിയായിരുന്ന കേന്ദ്രമന്ത്രിയായിരുന്ന അജയ്കുമാർ മിശ്രയാണ് കനത്ത തോൽവിയറിഞ്ഞ മറ്റൊരുനേതാവ്. എസ്.പിയിലെ ഉദ്ഘർഷ് വർമ യോട് 34,329 വോട്ടിനാണ് അജയ് കുമാർമിശ്ര തോറ്റത്. ലഖിംപൂർ ​ഖേരിയിൽ കർഷകരെ കൂട്ടക്കൊല ചെയ്ത കേസിൽ പ്രതിയാണ് അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്ര. കേ​ന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങൾക്കെതിരെ സമരം ചെയ്തിരുന്ന കർഷകർക്ക് നേരെ 2021 ഒക്ടോബറിൽ വാഹനം ഓടിച്ച് കയറ്റിയുണ്ടാക്കിയ അപകടത്തിൽ നാല് കർഷകരും ഒരു മാധ്യമ ​പ്രവർത്തകനും കൊല്ലപ്പെട്ടിരുന്നു.

ആർ.കെ സിങാണ് തോൽവിയറിഞ്ഞ മറ്റൊരു ബി.ജെ.പി നേതാവ്. 59,000 ലേറെ വോട്ടുകൾക്കാണ് സി.പി.ഐ.എം.എല്ലിലെ സുദാമ പ്രസാദിനോടാണ് തോറ്റത്.തിരുവനന്തപുരത്ത് സ്ഥാനാർഥിയായിരുന്ന ഐടി മന്ത്രി രാജീവ് ചന്ദ്രശേഖറാണ് തോറ്റ കേന്ദ്രമന്ത്രിമാരി​ൽ മറ്റൊരാൾ. കോൺഗ്രസ് മുതിർന്ന നേതാവ് ശശി തരൂരിനോട് 16,000ൽ അധികം വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത്.

​കേന്ദ്ര മന്ത്രി അർജുൻ മുണ്ട ജാർഖണ്ഡിലെ ഖുന്തി മണ്ഡലത്തിൽ കോൺഗ്രസിൻ്റെ കാളി ചരൺ മുണ്ടയോട് 1.45 ലക്ഷം വോട്ടുകൾക്കാണ് തോറ്റത്.കർണാടകയിലെ ബിദറിൽ ഭഗവന്ത് ഖുബ കോൺഗ്രസിൻ്റെ സാഗർ ഈശ്വർ ഖദ്രെയോട് 1.28 ലക്ഷം വോട്ടുകൾക്ക് പരാജയപ്പെട്ടു.

ഉത്തർപ്രദേശിലെ ചന്ദൗലിയിൽ മന്ത്രി മഹേന്ദ്രനാഥ് പാണ്ഡെ സമാജ്‌വാദി പാർട്ടിയുടെ ബിജേന്ദ്ര സിങ്ങിനോട് 21,000 വോട്ടുകൾക്കാണ് പരാജയപ്പെട്ടത്.ബംഗാളിൽ രണ്ട് ബി.ജെ.പി കേന്ദ്രമന്ത്രിമാരാണ് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥികളോട് പരാജയപ്പെട്ടത്. കേന്ദ്ര ആഭ്യന്തരമന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ നേതാവായിരുന്ന നിഷിത് പ്രമാണിക് കൂച്ച് ബെഹാർ മണ്ഡലത്തിൽ ജഗദീഷ് ചന്ദ്ര ബർമയോട് 40000 ലേറെ വോട്ടുകൾക്കാണ് തോറ്റത്. ദേബശ്രീ ചൗധരി കൊൽക്കത്ത ദക്ഷിണിൽ നിന്ന് മാലാ റോയിയോട് 1.8 ലക്ഷം വോട്ടുകൾക്കാണ് തോറ്റത്. 

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News