ലോക്‌സഭാ തെരഞ്ഞെടുപ്പ്: 100 സ്ഥാനാർഥികളെ ബി.ജെ.പി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്
പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് പ്രഖ്യാപിക്കുക.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന 100 സ്ഥാനാർഥികളുടെ പേരുകൾ ബി.ജെ.പി അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടങ്ങിയ പ്രമുഖരുടെ പേരുകളാണ് പ്രഖ്യാപിക്കുക എന്നാണ് വിവരം. അടുത്ത വ്യാഴാഴ്ച ബി.ജെ.പിയുടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേരുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതിന് പിന്നാലെ സ്ഥാനാർഥി പ്രഖ്യാപനവും ഉണ്ടാവുമെന്നാണ് വിവരം.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്താനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്. 543 ലോക്‌സഭാ സീറ്റുകളിൽ 370 സീറ്റ് നേടുകയെന്നാണ് ബി.ജെ.പിയുടെ ലക്ഷ്യം. എൻ.ഡി.എ മുന്നണിക്ക് 400 സീറ്റാണ് ബി.ജെ.പി നേതൃത്വം ലക്ഷ്യമിടുന്നത്. ലോക്‌സഭയിൽ നന്ദിപ്രമേയ ചർച്ചക്കുള്ള മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇത് വ്യക്തമാക്കിയിരുന്നു.
മാർച്ച് 13ന് ശേഷം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് കമ്മിഷന്റെ സംസ്ഥാന പര്യടനം പൂർത്തിയായാൽ ഉടൻ പ്രഖ്യാപനമുണ്ടാവും.