ലോക്‌സഭാ തെരഞ്ഞെടുപ്പ്: ബി.ജെ.പി 272 സീറ്റ് പോലും നേടില്ലെന്ന് സി.എസ്.ഡി.എസ് പ്രൊഫസർ സഞ്ജയ്കുമാർ
ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ വിഷയങ്ങളിൽ വോട്ടർമാർ കൊത്തില്ലെന്നും തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളാണ് പോളിങ്ങിനെ സ്വാധീനിക്കുന്നതെന്നുമാണ് സഞ്ജയ്കുമാറിന്റെ നിരീക്ഷണം.
ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി കേവല ഭൂരിപക്ഷം നേടില്ലെന്ന് സെന്റർ ഫോർ ദി സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് പ്രൊഫസറും സെഫോളജിസ്റ്റുമായ ഡോ. സഞ്ജയ്കുമാർ. 400 സീറ്റ് എന്ന ബി.ജെ.പിയുടെ അവകാശവാദം അവസാനിച്ചു. കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 272 സീറ്റിനെക്കാൾ കുറവ് സീറ്റുകളാവും ബി.ജെ.പിക്ക് ലഭിക്കുകയെന്നും സഞ്ജയ് കുമാർ ന്യൂസ് 24 ചർച്ചയിൽ പറഞ്ഞു. രാമക്ഷേത്രം അടക്കം ബി.ജെ.പി മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ രാഷ്ട്രീയ വിഷയങ്ങളിൽ വോട്ടർമാർ കൊത്തില്ലെന്നും തൊഴിലില്ലായ്മ അടക്കമുള്ള കാര്യങ്ങളാണ് പോളിങ്ങിനെ സ്വാധീനിക്കുന്നതെന്നുമാണ് സഞ്ജയ്കുമാറിന്റെ നിരീക്ഷണം.
ജൂൺ നാലിന് മോദി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് പുറത്താകുമെന്നും ഇൻഡ്യാ സഖ്യം സർക്കാർ രൂപീകരിക്കുമെന്നും ഡൽഹി മുഖ്യമന്ത്രി അരവന്ദി കെജ്‌രിവാൾ പറഞ്ഞു. പുറത്തുപോകുന്ന പ്രധാനമന്ത്രി എന്നാണ് രാഹുൽ ഗാന്ധി അടക്കമുള്ള ഇൻഡ്യാ സഖ്യ നേതാക്കൾ മോദിയെ വിശേഷിപ്പിക്കുന്നത്. ഇത്തവണ ബി.ജെ.പിക്ക് കനത്ത തിരിച്ചടിയുണ്ടാവുമെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ പ്രതീക്ഷ.
മഹാരാഷ്ട്ര, ബിഹാർ, ഉത്തർപ്രദേശ്, കർണാടക, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിൽ ബി.ജെ.പിക്ക് വലിയ സീറ്റ് നഷ്ടമുണ്ടാവും. ഡൽഹി, ഗുജറാത്ത്, ഹിമാചൽപ്രദേശ്, ജാർഖണ്ഡ്, അസം സംസ്ഥാനങ്ങളിൽ നില മെച്ചപ്പെടുത്താനാവുമെന്നുമാണ് പ്രതിപക്ഷത്തിന്റെ വിലയിരുത്തൽ.
അതേസമയം ബി.ജെ.പി തന്നെ ഇത്തവണയും അധികാരത്തിലെത്തുമെന്നാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നിരീക്ഷണം. ഇപ്പോൾ ലഭിച്ചതോ അതിനെക്കാൾ മികച്ചതോ ആയ ഭൂരിപക്ഷത്തിൽ ബി.ജെ.പി വീണ്ടും അധികാരത്തിലെത്തുമെന്ന് എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. മറിച്ചൊരു ഫലം ഉണ്ടാവണമെങ്കിൽ സർക്കാരിനെതിരെ ശക്തമായ ജനരോഷമുണ്ടാവണം. അത്തരത്തിൽ ശക്തമായൊരു മോദി വിരുദ്ധ വികാരമില്ലെന്നാണ് തന്റെ നിരീക്ഷണമെന്നും പ്രശാന്ത് കിഷോർ പറഞ്ഞു.