രാഹുൽ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബിജെപി പ്രവർത്തകർ, വീഡിയോ
ഗോദൗലിയയിലെ നന്ദി കവല 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് ബിജെപി പ്രവർത്തകർ കഴുകുകയായിരുന്നു
വാരണാസി: ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രസംഗിച്ച സ്ഥലം ഗംഗാ ജലം കൊണ്ട് കഴുകി ബിജെപി പ്രവർത്തകർ. കഴിഞ്ഞ ദിവസമാണ് ന്യായ് യാത്ര യുപിയിലെത്തിയത്. ശനിയാഴ്ച വാരണാസിയിൽ രാഹുൽ ഗാന്ധി പങ്കെടുത്ത റോഡ് ഷോയും യോഗവും നടന്നിരുന്നു. ഇതിൽ യാത്ര കടന്നു പോയ ഗോദൗലിയയിലെ നന്ദി കവല 51 ലിറ്റർ ഗംഗാജലം ഉപയോഗിച്ച് ബിജെപി പ്രവർത്തകർ കഴുകുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മാധ്യമപ്രവർത്തകനായ സച്ചിൻ ഗുപ്തയടക്കം വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ബിജെപി കൊടിയുമായി പ്രവർത്തകർ സ്ഥലം കഴുകുന്നതാണ് വീഡിയോയിലുള്ളത്. മുദ്രാവാക്യം മുഴക്കുന്നുമുണ്ട്.
നാട്ടിൽ വിദ്വേഷത്തിന് ഇടമില്ല, അനീതിക്കെതിരെ ശബ്ദമുയർത്തുക: രാഹുൽ ഗാന്ധി
ന്യായ് യാത്രക്കിടെ രാഹുൽ ഗാന്ധി ബിജെപിയുടെ നയങ്ങളെ രൂക്ഷമായി വിമർശിച്ചു. 'ഞങ്ങൾ 4000 കിലോമീറ്റർ ഭാരത് ജോഡോ ന്യായ് യാത്ര നടത്തി. കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, വനിതകൾ തുടങ്ങിയവരെ കണ്ടു. അവരെല്ലാം എന്നോട് ആവലാതികൾ പറഞ്ഞു. പലയിടങ്ങളിലും ആർഎസ്എസ് -ബിജെപി പ്രവർത്തകർ സംഘർഷത്തിനെത്തി. എന്നാൽ ഞാനൊരിടത്തും ഏറ്റുമുട്ടലിന് മുതിർന്നില്ല' രാഹുൽ ഗാന്ധി പറഞ്ഞു.
'ഇന്ത്യ സ്‌നേഹത്തിന്റെ ഭൂമിയാണ്, ഇവിടെ വിദ്വേഷത്തിന് ഇടമില്ല, എല്ലാവരും ഒന്നിച്ച് പ്രവർത്തിക്കുമ്പോഴാണ് രാജ്യം സുശക്തമാകുന്നത്' രാഹുൽ പറഞ്ഞു.
മണിപ്പൂർ മുതൽ മുംബൈ വരെയാണ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര സഞ്ചരിക്കുക. ഫെബ്രുവരി 16 മുതൽ 21 വരെയും പിന്നീട് 24,25 തിയ്യതികളിലുമാണ് യാത്ര യുപിയിൽ പര്യടനം നടത്തുക. മണിപ്പൂർ മുതൽ മുംബൈ വരെയുള്ള ന്യായ് യാത്രയിൽ 6,700 കിലോമീറ്ററാണ് സഞ്ചരിക്കുന്നത്. 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്രയുടെ മുദ്രാവാക്യം നീതിയാണ്.