'ഉഡുപ്പിയിൽ ശോഭ കരന്തലജെയ്ക്ക് സീറ്റ് നൽകരുത്'; പ്രധാനമന്ത്രിക്ക് കത്തയച്ച് ബിജെപി പ്രവർത്തകർ
ശോഭയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ മോദിയോട് ആവശ്യം ഉന്നയിച്ചത്
ന്യൂഡൽഹി:കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജെയ്ക്ക് ഉഡുപ്പിയിൽ സീറ്റ് നൽകരുതെന്നാവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. ശോഭയുടെ മോശം പ്രകടനം ചൂണ്ടിക്കാട്ടിയാണ് പ്രവർത്തകർ മോദിയോട് ആവശ്യം ഉന്നയിച്ചത്. വൊക്കലിഗ സമുദായാംഗമായ ശോഭ കരന്തലജെയാണ് കഴിഞ്ഞ രണ്ടു തവണയായി ഉഡുപ്പി ചിക്ക്മംഗ്ലൂർ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. മൂന്നാം തവണയും ഉഡുപ്പിയിൽ തന്നെ മത്സരിക്കണമെന്ന താത്പര്യം കഴിഞ്ഞ ദിവസം ശോഭ തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഉഡുപ്പിയിൽ നിന്നുള്ള പ്രവർത്തകർ ശോഭയെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മോദിക്കും പാർട്ടി അധ്യക്ഷൻ ജെപി നഡ്ഡക്കും കത്തയച്ചത്. രണ്ടു തവണ മണ്ഡലത്തിൽ നിന്ന് ജയിച്ച ശോഭയ്ക്ക് പകരം പുതുമുഖത്തെ ഇത്തവണ രംഗത്തിറക്കണമെന്നാണ് പ്രവർത്തകരുടെ ആവശ്യം.
ദക്ഷിണകന്നഡയിൽ ഉൾപ്പടുന്ന ഉഡുപ്പി ചിക്ക്മംഗ്ലൂർ സീറ്റിൽ മത്സരിക്കാൻ മുൻ ജില്ല അധ്യക്ഷൻ കുയിലാഡി സുരേഷ് നായ്ക്കും മത്സ്യത്തൊഴിലാളി വിഭാഗം നേതാവ് പ്രമോദ് മധ്വരാജും നേരത്തെ രംഗത്തെത്തിയിരുന്നു. മൂന്ന് നേതാക്കൾക്കും പിന്തുണയുമായി പാർട്ടി അണികളും പരസ്യമായി രംഗത്തുണ്ട്. അതിനിടെയാണ് ശോഭ കരന്തലജെയ്ക്ക് സീറ്റ് നൽകരുതെന്ന ആവശ്യം ദേശീയ നേതൃത്വത്തിന് മുന്നിൽ എത്തിയിരിക്കുന്നത്.