അതീഖ് അഹമ്മദിന്റെയും സഹോദരന്റെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി
കൊലപാതകത്തിലെ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു
ഡൽഹി: സമാജ്‍വാദി പാർട്ടി മുൻ എംപി അതീഖ് അഹമ്മദിന്റെയും സഹോദരൻ അഷ്‌റഫിന്റെയും മൃതദേഹങ്ങൾ കുടുംബത്തിന് വിട്ടുനൽകി. സംസ്കാര ചടങ്ങുകള്‍ അൽപസമയത്തിനകം ആരംഭിക്കും. അതീഖിന്റെ മരണകാരണം നെഞ്ചിലും കഴുത്തിലേറ്റ വെടികളാണെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്.
അതേസമയം, കൊലപാതകത്തിലെ മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. 14 ദിവസമാണ് കസ്റ്റഡിയിൽ വിട്ടത്. ഇരുവരെയും കൊലപ്പെടുത്താൻ ഉപയോഗിച്ചത് തുർക്കി നിർമിത തോക്കുകൾ ഉപയോഗിച്ചെന്ന് കണ്ടെത്തയിട്ടുണ്ട്. ഇന്ത്യയിൽ നിരോധിച്ചിട്ടുള്ള ഇവ തുർക്കിയിൽ നിന്ന് കടത്തിയതോ അനധികൃതമായി വാങ്ങിയതോ ആകാമെന്നാണ് സംശയിക്കുന്നത്.
ആറ് മുതൽ ഏഴ് ലക്ഷം രൂപ വരെ വില വരുന്നവയാണ് ഈ പിസ്റ്റളുകൾ. തുർക്കിഷ് തോക്ക് നിർമാണ കമ്പനിയായ ടിസാസ് നിർമിച്ച സെമി ഓട്ടോമാറ്റിക് പിസ്റ്റളാണിത്. 2001ലാണ് പിസ്റ്റളിന്റെ ശ്രേണി ആദ്യമായി നിർമിച്ചത്. 40 സെക്കൻഡിനുള്ളിൽ 20 റൗണ്ട് വെടിയുതിർത്താണ് പ്രതികൾ ആതിഖിനെയും അഷ്‌റഫിനെയും വെടിവച്ചുകൊന്നത്. ലൗലേഷ് തിവാരി, സണ്ണി, അരുൺ മൗര്യ എന്നിവരാണ് ഇരുവരേയും കൊലപ്പെടുത്തിയത്. തുടർന്ന് സംഭവസ്ഥലത്തു നിന്നും രക്ഷപെടാൻ ശ്രമിച്ച ഇവരെ പൊലീസ് പിടികൂടിയിരുന്നു.
വൻ ആസൂത്രമാണ് കൊലയ്ക്കായി ഇവർ നടത്തിയത്. വ്യാഴാഴ്ച പ്രയാഗ്‌രാജിലെത്തിയ ഇവർ ഒരു ലോഡ്ജിലാണ് താമസിച്ചിരുന്നത്. ഈ ലോഡ്ജ് മാനേജറെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. മാധ്യമപ്രവർത്തകരുടെ വേഷത്തിൽ മൈക്കും വ്യാജ ഐ.ഡി കാർഡുകളും കാമറയുമായാണ് കൊലയാളികൾ എത്തിയത്. ഇന്നലെ മുഴുവൻ കൊലയാളികൾ ഇവരെ പിന്തുടർന്നിരുന്നുവെന്നും പൊലീസ് പറയുന്നു.