ബോംബ് ഭീഷണി; മുംബൈ-ഫ്രാങ്ക്ഫർട്ട് വിസ്താര വിമാനം തുർക്കിയിലിറക്കി

ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് വിമാനത്തിന്റെ ശുചിമുറിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനം അടിയന്തിരമായി തുർക്കിയിലിറക്കിയത്

Update: 2024-09-07 03:27 GMT
Editor : rishad | By : Web Desk
Advertising

ഇസ്തംബുൾ: മുംബൈയിൽ നിന്ന് 247 യാത്രക്കാരുമായി ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്ക് പോയ വിസ്താര എയർലൈൻസ് വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് തുർക്കിയിലെ എർസറം വിമാനത്താവളത്തിലിറക്കി.

ബോംബ് വെച്ചിട്ടുണ്ടെന്ന കുറിപ്പ് വിമാനത്തിന്റെ ശുചിമുറിയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് വിമാനം അടിയന്തിരമായി തുർക്കിയിലിറക്കിയത്. എർസറം വിമാനത്താവളം അടച്ച് വിമാനത്തിൽ പരിശോധന നടത്തിയെങ്കിലും വ്യാജമാണെന്ന് മനസിലായി. 

സുരക്ഷാ കാരണങ്ങളാല്‍ വിമാനം തുര്‍ക്കിയിലിറക്കി എന്നാണ് കമ്പനി അറിയിക്കുന്നത്. എന്നാല്‍ എന്താണ്, സുരക്ഷാ പ്രശ്നം എന്ന് കമ്പനി ഔദ്യോഗികമായി വിശദീകരിച്ചിട്ടില്ല. ബോംബ് ഭീഷണിയെ തുടർന്നാണ് നടപടിയെന്നാണ് പിന്നീട് വ്യക്തമായത്. പ്രാദേശിക സമയം വൈകിട്ട് 4.30നാണ് വിമാനം എർസുറമിൽ ഇറക്കിയത്. ബോയിങ് 787 വിമാനമാണ് മുംബൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിസ്താരയുടെ സർവീസിന് ഉപയോഗിക്കുന്നത്.

മുംബൈയിൽ നിന്ന് പറന്നുയർന്ന ശേഷം ഏതാണ്ട് അഞ്ച് മണിക്കൂർ യാത്ര ചെയ്ത ശേഷമാണ് വിമാനം തുർക്കിയിൽ ഇറക്കിയത്. ഫ്രാങ്ക്ഫർട്ടിലേക്ക് പിന്നെയും മൂന്നര മണിക്കൂറോളം യാത്ര ബാക്കിയുണ്ടായിരുന്നു.

തുർക്കിയിൽ വിമാനം ലാന്റ് ചെയ്ത ശേഷം യാത്രക്കാരെയെല്ലാം പുറത്തിറക്കി പരിശോധന നടത്തി. അടിയന്തിര സന്ദേശം ലഭിച്ചതിനെ തുടർന്ന് എർസുറം വിമാനത്താവളത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിരുന്നു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News