'ബോംബറാണെന്ന്' യാത്രക്കാരന്റെ ഫോണിൽ വാട്ട്സ്ആപ്പ് സന്ദേശം; മംഗളൂരു-മുംബൈ വിമാനം ആറുമണിക്കൂർ വൈകി

വിമാനം റൺവേയിൽ പ്രവേശിക്കാനിരിക്കെയാണ് സംഭവം

Update: 2022-08-15 05:46 GMT
Editor : Lissy P | By : Web Desk
Advertising

മംഗളൂരു: യാത്രക്കാരന്റെ ഫോണിൽ സംശയാസ്പദമായ വാട്ട്സ്ആപ്പ് സന്ദേശം കണ്ടതിനെ തുടർന്ന് മംഗളൂരു-മുംബൈ വിമാനം ആറ്മണിക്കൂർ വൈകി പുറപ്പെട്ടു. ഞായറാഴ്ച മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലാണ്  സംഭവം. വിമാനത്തിലെ യാത്രക്കാരി സഹയാത്രക്കാരന്റെ ഫോണിൽ 'ബോംബർ' എന്ന വാട്‌സാപ്പ് സന്ദേശം കണ്ടതാണ് പ്രശ്‌നങ്ങൾക്ക് തുടക്കം.

'നിങ്ങൾ ഒരു ബോംബർ ആണ്' എന്ന് എഴുതിയ സന്ദേശം യാത്രക്കാരി അവിചാരിതമായി ഫോണിൽ കണ്ടു. ഇവർ ഇക്കാര്യം പൈലറ്റിന്റെ ശ്രദ്ധയിൽപെടുത്തുകയായിരുന്നെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ഇക്കാര്യം  എയർ ട്രാഫിക് കൺട്രോളർ എടിസിയെ വിവരമറിയിക്കുകയും ടേക്ക് ഓഫ് ചെയ്യാനിരുന്ന വിമാനം ബേയിലേക്ക് തിരിച്ച് വിടുകയുമായിരുന്നു.വിമാനം റൺവേയിൽ പ്രവേശിക്കാനിരിക്കെയാണ് സംഭവം.

എയർപോർട്ട് അധികൃതർ യാത്രക്കാരോട് വിമാനത്തിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. 186 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരുടെയെല്ലാം ബാഗുകൾ പരിശോധിച്ച ശേഷമാണ് വിമാനം പുറപ്പെട്ടത്.

വാട്സ്ആപ്പിൽ രണ്ട് സുഹൃത്തുക്കൾ തമ്മിലുള്ള സ്വകാര്യ ചാറ്റാണ് സംഭവത്തിന് പിന്നിലെന്ന് സിറ്റി പൊലീസ് കമ്മീഷണർ എൻ ശശി കുമാർ സ്ഥിരീകരിച്ചു. അതേ വിമാനത്താവളത്തിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ പെൺകുട്ടിയാണ് യുവാവിന് സന്ദേശമയച്ചത്. സന്ദേശം അയച്ച യാത്രക്കാരിയെ ചോദ്യം ചെയ്യലിനും മറ്റ് നടപടിക്രമങ്ങൾക്കുമായി കൊണ്ടുപോയി. യുവാവിനെ വിമാനത്താവളത്തിൽ തടഞ്ഞുവെക്കുകയും ചെയ്തു. നടപടിക്രമങ്ങൾ കാരണം പെൺകുട്ടിക്ക് ഈ വിമാനത്തിൽ യാത്ര ചെയ്യാൻ സാധിക്കാതെ വരികയും ചെയ്തു.

യാത്രക്കാരുടെ ബാഗേജുകൾ വിശദമായി പരിശോധിച്ചു, എല്ലാ നടപടിക്രമങ്ങൾക്കും ശേഷം, യാത്രക്കാരെ വീണ്ടും വിമാനത്തിൽ കയറ്റി, വൈകുന്നേരം 5 മണിയോടെ വിമാനം പറന്നുയർന്നു. ഉത്തർപ്രദേശിലെ ഗോരഖ്പൂർ സ്വദേശികളാണ് യുവാവും പെൺസുഹൃത്തും. യുവാവ് മുംബൈയിലെ ഒരു കമ്പനിയിൽ ജോലിക്ക് പ്രവേശിക്കാനായി പോകുകയായിരുന്നു. യുവതി ബംഗളൂരുവിൽ പഠിക്കുകയാണ്. കൂടുതൽ അന്വേഷണത്തിനായി ഇരുവരെയും പിന്നീട് ബജ്പെ പൊലീസിന് കൈമാറി.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News