ജനപ്രിയമായിരിക്കുമോ ബജറ്റ്; പ്രതീക്ഷയോടെ സാമ്പത്തിക മേഖല

കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതാക്കുകയാണ് ധനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി

Update: 2022-01-31 01:10 GMT
Editor : Lissy P | By : Web Desk
Advertising

കോവിഡിനെ തുടർന്ന് പ്രതിസന്ധിയിലായ മിക്ക മേഖലകളും ഏറെ പ്രതീക്ഷയോടെയാണ് നാളെ അവതരിപ്പിക്കുന്ന കേന്ദ്രബജറ്റിനെ കാണുന്നത്. രാജ്യത്തെ സമ്പദ് വ്യവസ്ഥയ്ക്ക് ഊർജ്ജം പകരുന്നതിനൊപ്പം സാമ്പത്തിക ഭദ്രത ഉറപ്പാക്കുക എന്ന വലിയ വെല്ലുവിളിയും കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്. നികുതി വർധിപ്പിക്കാതെ ആസ്തി വിൽപനയിലൂടെ പണം സ്വരൂപിക്കുകയെന്ന മുൻ വർഷങ്ങളിലെ രീതി തന്നെയാവും ധനമന്ത്രി നിർമ്മല സീതാരാമൻ ഇക്കുറിയും പിന്തുടരുക എന്നാണ് സൂചന.

കോവിഡിനെ തുടർന്നുണ്ടായ തൊഴിലില്ലായ്മയും, സാമ്പത്തിക പ്രതിസന്ധിയും ഇല്ലാതാക്കുകയാണ് ധനമന്ത്രിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. അടിസ്ഥാന സൗകര്യ വികസന മേഖല, ആരോഗ്യമേഖല എന്നിവക്കായി ചെലവഴിക്കുന്ന പണം വർധിപ്പിച്ചേക്കും. ഈ മേഖലകളിൽ കൂടുതൽ പണം ചെലവഴിച്ച് തൊഴിലുകൾ സൃഷ്ടിച്ച് പ്രതിസന്ധി മറികടക്കാമെന്ന പ്രതീക്ഷയാണ് കേന്ദ്രത്തിനുള്ളത്. രാജ്യത്തെ 10 ശതമാനം വരുന്ന ധനികർക്ക് മേൽ ഒരു ശതമാനം അധിക സർചാർജ്ജ് ബജറ്റിൽ പ്രഖ്യാപിക്കുമെന്ന് ചില ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും വ്യക്തത വന്നിട്ടില്ല. സർചാർജ്ജിലൂടെ ലഭിക്കുന്ന പണം ആരോഗ്യ-വിദ്യാഭ്യാസമേഖലകൾക്കായി ചെലവഴിക്കുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.

അതേസമയം വിലക്കയറ്റം പിടിച്ച് നിർത്തുക എന്ന വലിയ വെല്ലുവിളിൽ പരിഹാരമുണ്ടാകുമോ എന്നാണ് രാജ്യം ഉറ്റ് നോക്കുന്നുണ്ട്..കോവിഡിനെ തുടർന്ന് കൂപ്പ് കുത്തിയ ജിഡിപി ഉയർത്താൻ ബജറ്റിൽ പ്രഖ്യാപനമുണ്ടാകുമോ എന്നും സാമ്പത്തിക മേഖല നോക്കുന്നുണ്ട്. ജനക്ഷേമ പദ്ധതികൾ പ്രഖ്യാപിക്കുന്നതിനൊപ്പം പൊതുമേഖല ഓഹരി വിൽപ്പന കൂടുതൽ ഊർജ്ജിതമാക്കി ധനക്കമ്മി നിയന്ത്രിക്കാനുള്ള ശ്രമങ്ങളും കേന്ദ്ര സർക്കാർ ബജറ്റിൽ നടത്തിയേക്കും.പൊതു മേഖല ഓഹരി വിൽപ്പനയിലൂടെ നടപ്പ് സാമ്പത്തിക വർഷം 1.75 ലക്ഷം കോടി കേന്ദ്ര ലക്ഷ്യം. എന്നാൽ ഇതുവരെ 9500 കോടിയോളം മാത്രമാണ് ഇതുവരെ സമാഹരിച്ചത്. ബാക്കി തുകകണ്ടെത്താനുള്ള പ്രഖ്യാപനങ്ങളും ബജറ്റിൽ ഉണ്ടായേക്കും.

യു.പി അടക്കം അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ നിർമ്മല സീതാരാമൻ അവതരിപ്പിക്കുന്ന ജനപ്രിയ ബജറ്റായിരിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ കോവിഡ് മൂന്നാം തരംഗത്തിൽ വലയുന്ന ജനങ്ങളിലേക്ക് അശ്വാസമെത്തിക്കാൻ ചെറിയ ഇടപെടലുകൾ പോര എന്ന വലിയ വെല്ലുവിളി കേന്ദ്ര സർക്കാരിന് മുന്നിലുണ്ട്.

Full View

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News