കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യവസായിയിൽ നിന്ന് അഞ്ചുലക്ഷം തട്ടിയെടുത്തു; കോൺസ്റ്റബിൾ ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
സുഹൃത്തുക്കളും പൊലീസും ചേർന്നാണ് പണം തട്ടിയതെന്ന് പരാതിക്കാരൻ
മുംബൈ: ഗുജറാത്ത് സ്വദേശിയായ വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം തട്ടിയെടുത്ത കേസിൽ കോണ്‍സ്റ്റബിളടക്കം രണ്ടു പൊലീസുകാരൻ അറസ്റ്റിൽ. സുഹൃത്തുക്കളുള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു.കേക്ക് ഫാക്ടറി ഉടമയായ വ്യവസായിയായ നീരജ് തണ്ടേലിനെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാർ അഞ്ച് ലക്ഷം രൂപ തട്ടിയെടുത്തത്.
ആഗസ്റ്റ് 21 ന് സുഹൃത്തുക്കളായ രണ്ടുപേർ പണം ചോദിച്ച് തന്നെ സമീപിച്ചതായി നീരജ് തണ്ടേലിന്റെ പരാതിയിൽ പറയുന്നു. സുഹൃത്തുക്കളായ സാഗർ പട്ടേൽ, ദിലീപ് മേത്ത എന്നിവർ അവരുടെ പരിചയക്കാരായ രണ്ടുപേർക്ക് പണത്തിന്റെ ആവശ്യമുണ്ടെന്നും കടം നൽകിയാൽ ഇരട്ടിതുക നൽകുമെന്ന് പറഞ്ഞാണ് തന്നെ സമീപിച്ചതെന്നും നീരജ് തണ്ടേൽ പരാതിയിൽ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.
ഇതുപ്രകാരം ആഗസ്റ്റ് 23 ന്, തണ്ടേൽ സുഹൃത്തുക്കളോടൊപ്പം ത്രീ സ്റ്റാർ ഹോട്ടലിൽ എത്തി. ഈ സമയത്ത് യൂണിഫോമിലെത്തിയ മൂന്ന് പൊലീസുകാർ തണ്ടേലിന്റെ അടുത്തേക്ക് വന്നു. കള്ളപ്പണമുണ്ടെന്ന് സംശയിക്കുന്നതിനാൽ വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. യൂണിഫോമിലായതിനാൽ തനിക്ക് സംശയമുണ്ടായില്ലെന്നും തണ്ടേൽ നൽകിയ പരാതിയിൽ പറയുന്നു.
പെൽഹാർ പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ ഖണ്ഡു ഗണപത് ഡോംഗ്രെയായിരുന്നു അതിലൊരാളെന്ന് തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. പരിശോധനക്കായി സ്‌റ്റേഷനിലെത്തണമെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുമെന്നും പൊലീസുകാർ ഭീഷണിപ്പെടുത്തുകയും ചെയ്തു. കേസ് എടുക്കാതിരിക്കണമെങ്കിൽ അഞ്ചുലക്ഷം രൂപ നൽകണമെന്നും പൊലീസുകാർ ആവശ്യപ്പെട്ടാതായി പരാതിയിൽ പറയുന്നു. ഭയന്നുപോയ താൻ ഉദ്യോഗസ്ഥർക്ക് അഞ്ചുലക്ഷം രൂപ നൽകിയെന്നുമാണ് പരാതിയിൽ പറയുന്നത്. എന്നാൽ പിന്നീടാണ് തന്നെ സുഹൃത്തുക്കളും പൊലീസും ചേർന്ന് ചതിച്ചതാണെന്ന് തണ്ടേലിന് മനസിലാകുന്നത്. പിറ്റേന്ന് രാവിലെ തന്നെ സുഹൃത്തുക്കൾക്ക് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ് നൽകി.
സംഭവത്തിൽ ഉൾപ്പെട്ട കോൺസ്റ്റബിൾ ഖണ്ഡു ഗണപത് ഡോംഗ്രെയെടക്കം രണ്ടുപേരെ അറസ്റ്റ് ചെയ്തതായി കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥർ അറിയിച്ചു. മറ്റ് രണ്ട് പൊലീസുകാർക്കെതിരെയും കൂട്ടുപ്രതികളായ തണ്ടേലിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെ അഞ്ചുപേരെ കൂടി കണ്ടെത്താനുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.