'എവിടെ കണ്ടാലും അവരെ സമ്പൂർണമായി ബഹിഷ്‌കരിക്കുക'; വിദ്വേഷ പ്രസംഗവുമായി ബിജെപി എംപി

ഡൽഹി ബിജെപി എം.പിയായ പർവേശ് വർമയാണ് വിദ്വേഷ പ്രസംഗം നടത്തിയത്. ഒരു സമുദായത്തിന്റെയും പേര് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ ബഹിഷ്‌കരണാഹ്വാനം

Update: 2022-10-10 09:25 GMT
Advertising

ന്യൂഡൽഹി: ഒരു സമുദായത്തെ സമ്പൂർണമായി ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്ത് ബിജെപി എം.പി പർവേശ് സാഹിബ് സിങ് വർമയുടെ വിദ്വേഷ പ്രസംഗം. വിശ്വ ഹിന്ദു പരിഷത് സംഘടിപ്പിച്ച 'വിരാട് ഹിന്ദു സഭ'യിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സമുദായത്തിന്റെയും പേര് പറയാതെയായിരുന്നു എം.പിയുടെ പ്രസംഗം.

''നിങ്ങൾ അവരെ എവിടെ കണ്ടാലും, നിങ്ങൾക്ക് അവരുടെ തല നേരെയാക്കണമെങ്കിൽ, ഒരേയൊരു പ്രതിവിധി മാത്രമേയുള്ളൂ, അത് സമ്പൂർണ ബഹിഷ്‌കരണമാണ്. നിങ്ങൾ ഇതിനോട് യോജിക്കുന്നുണ്ടോ? എങ്കിൽ കൈ ഉയർത്തുക. എന്നിട്ട് എന്റെ കൂടെ പറയൂ... ഞങ്ങൾ അവരെ പൂർണ്ണമായും ബഹിഷ്‌കരിക്കും, അവരുടെ കടകളിൽ നിന്ന് ഞങ്ങൾ സാധനങ്ങളൊന്നും വാങ്ങില്ല, ഞങ്ങൾ അവർക്ക് ജോലി കൊടുക്കില്ല''-വർമ പറഞ്ഞു.

വർമയുടെ ആഹ്വാനം അംഗീകരിച്ച പ്രവർത്തകർ കൈകൾ ഉയർത്തി അദ്ദേഹത്തിന്റെ വാക്കുകൾ ഏറ്റുചൊല്ലി. പ്രസംഗം വിവാദമായതോടെ മാധ്യമപ്രവർത്തകർ പ്രതികരണത്തിനായി വർമയെ ബന്ധപ്പെട്ടെങ്കിലും താൻ ഒരു സമുദായത്തിന്റെയും പേര് പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

പ്രസംഗത്തിനെതിരെ എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി രംഗത്തെത്തി. ബിജെപി മുസ്‌ലിംകൾക്കെതിരെ യുദ്ധം തുടങ്ങിയിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും വിഷയത്തിൽ പ്രതികരിക്കാത്തതിനെയും അദ്ദേഹം വിമർശിച്ചു. ഒരു ഭരണപക്ഷ എംപിക്ക് തന്നെ രാജ്യതലസ്ഥാനത്ത് ഇത് ചെയ്യാമെങ്കിൽ ഭരണഘടനക്ക് എന്ത് വിലയാണുള്ളതെന്ന് അദ്ദേഹം ചോദിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News