ജാമ്യവ്യവസ്ഥയായി ഗൂഗിൾ പിൻ ലൊക്കേഷൻ നൽകണമെന്ന് ഉത്തരവിടാനാകില്ല: സുപ്രിംകോടതി

ജാമ്യ വ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ വിവരങ്ങൾ നൽകണമെന്ന ഡൽഹി ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി

Update: 2024-07-08 08:08 GMT
Advertising

ഡൽഹി: ജാമ്യവ്യവസ്ഥയായി ഗൂഗിൾ പിൻ ലൊക്കേഷൻ നൽകണമെന്ന് പ്രതികളോട് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രിംകോടതി. ജാമ്യ ഉപാ​ധിയായി ഗൂഗിൾ പിൻ ലൊക്കേഷൻ അന്വേഷണ ഉദ്യോഗസ്ഥനുമായി പങ്കുവെക്കണമെന്ന ജാമ്യവ്യവസ്ഥ റദ്ദാക്കിക്കൊണ്ടാണ് കോടതി വിധി. നൈജീരിയൻ പൗരനും മയക്കുമരുന്ന് കേസിലെ പ്രതിയുമായ ഫ്രാങ്ക് വിറ്റസ് സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്.

ഒരു വ്യക്തിയുടെ സ്വകാര്യതയിലേക്ക് കടന്നുക്കയറുന്ന തരത്തിലുള്ള ജാമ്യ വ്യവസ്ഥകൾ അം​ഗീകരിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ നീക്കങ്ങൾ നിരന്തരം നിരീക്ഷിക്കാനും ‌അയാളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനും പൊലീസിന് അവസരം നൽകുന്ന രീതിയിൽ ജാമ്യം അനുവദിക്കുന്നതിനുള്ള വ്യവസ്ഥയായി ഗൂഗിൾ പിൻ ലൊക്കേഷൻ പങ്കിടാൻ കോടതികൾക്ക് ഉത്തരവിടാൻ കഴിയില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. ജസ്‌റ്റിസുമാരായ എ.എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി.

ഇടക്കാല ജാമ്യത്തിൽ വിട്ടയക്കാനുള്ള വ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനു നൽകണമെന്ന ഡൽഹി ഹൈക്കോടതിയുടെ 2022ലെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഫ്രാങ്ക് വിറ്റസ് പരമോന്നതകോടതിയെ സമീപിച്ചത്. കേസിലെ മറ്റൊരു പ്രതിക്കും സമാനമായ നിബന്ധന ചുമത്തിയിട്ടുണ്ട്. ഡൽഹി ഹൈക്കോടതിയുടെ വിധി ഇതോടെ സുപ്രിംകോടതി റദ്ദാക്കി.  

ഫ്രാങ്ക് വിറ്റസ് കേസിൽ  ഗൂഗിൾ പിൻ ലൊക്കേഷൻ സമർപ്പിക്കുന്നതും, നൈജീരിയയിലെ ഹൈക്കമ്മീഷനിൽ നിന്ന് അനുമതി വാങ്ങുന്നതൊഴികെയുള്ള ജാമ്യവ്യവസ്ഥകൾ അം​ഗീകരിച്ച കോടതി ഇരുവരേയും ഇടക്കാല ജാമ്യത്തിൽ വിട്ടു. കൂടാതെ ജാമ്യത്തിൽ വിട്ടയയ്ക്കാൻ ഉത്തരവിട്ട സുപ്രിംകോടതി ജാമ്യത്തുക 2 ലക്ഷം രൂപയിൽ നിന്ന് 50,000 രൂപയായി കുറക്കുകയും ചെയ്തു.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News