പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമം; ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസ്, 4.8 കോടി പിടിച്ചെടുത്തു
2019ലാണ് കെ. സുധാകർ കോൺഗ്രസിൽ നിന്ന് രാജിവെച്ച് ബി.ജെ.പിയിൽ ചേർന്നത്
ബംഗളൂരു: പണം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ കർണാടകയിലെ ബി.ജെ.പി സ്ഥാനാർഥിക്കെതിരെ കേസെടുത്തതായി തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 4.8 കോടി രൂപ പിടിച്ചെടുക്കുകയും ചെയ്തു. ചിക്കബെല്ലാപുരയിലെ ബി.ജെ.പി സ്ഥാനാർഥി കെ. സുധാകറിനെതിരെയാണ് കേസെടുത്തത്. വ്യാഴാഴ്ചയാണ് സംഭവം.
യെലേങ്കയിലെ വീട്ടിൽ നിന്നാണ് പണം കണ്ടെടുത്തത്. ജനപ്രാതിനിധ്യ നിയമത്തിലെയും ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും വകുപ്പുകൾ പ്രകാരം കൈക്കൂലിക്കും വോട്ടർമാരെ സ്വാധീനിച്ചതിനും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി കർണാടക മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
ബംഗളൂരു അർബൻ ജില്ലാ നോഡൽ ഓഫീസർ മുനിഷ് മൗദ്ഗിലിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പണം സൂക്ഷിച്ച സ്ഥലത്തിന്റെ ജി.പി.എസ് ലൊക്കേഷനും വിവരം നൽകിയയാൾ അയച്ചുകൊടുത്തിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം നോഡൽ ഓഫീസർ ആദായനികുതി വകുപ്പിനെയും വിവരം അറിയിച്ചു.
വെള്ളിയാഴ്ച ചിക്കബെല്ലാപുരയിലും തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. കോൺഗ്രസിന്റെ ഉറച്ച മണ്ഡലമായിരുന്ന ഇവിടം കഴിഞ്ഞതവണ ബി.ജെ.പിയാണ് ജയിച്ചത്. മണ്ഡലം നിലനിർത്തനായി ഇത്തവണ ബി.ജെ.പി മത്സരത്തിനിറക്കിയ കെ. സുധാകർ 2019ലാണ് എം.എൽ.എയായിരിക്കെ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്.
രക്ഷ രാമയ്യയാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. മണ്ഡലത്തിന് കീഴിൽ വരുന്ന എട്ട് നിയോജ മണ്ഡലത്തിൽ അഞ്ചിലും കോൺഗ്രസാണ് 2023ൽ ജയിച്ചത്. രണ്ടിടത്ത് ബി.ജെ.പിയും ഒരിടത്ത് സ്വതന്ത്രനും വിജയിച്ചു.