ടി 20 ലോകകപ്പിൽ പാകിസ്താൻ വിജയം ആഘോഷിച്ച കശ്മീരി വിദ്യാർഥികൾക്കെതിരെ യു.എ.പി.എ
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ടി 20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യക്കെതിരായ മത്സരത്തിലെ പാകിസ്താൻ ടീമിന്റെ വിജയം ആഘോഷിച്ച മെഡിക്കൽ വിദ്യാർഥികൾക്കെതിരെ യു.എ.പി.എ പ്രകാരം കേസ്. ഞായറാഴ്ച ദുബൈയിൽ നടന്ന ഇന്ത്യ - പാകിസ്താൻ മത്സരത്തിൽ പാകിസ്താൻ പത്ത് വിക്കറ്റിന് ജയിച്ചിരുന്നു. കരൺ നഗർ, സൗറ പൊലീസ് സ്റ്റേഷനുകളിലാണ് യു.എ.പി.എ പ്രകാരം രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്.
കരൺ നഗറിലെ ഗവൺമെന്റ് മെഡിക്കൽ കോളേജ്, ഷേറെ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് എന്നിവിടങ്ങളിലെ ഹോസ്റ്റലുകളിൽ താമസിക്കുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കുമെതിരെയുമാണ് ജമ്മു കശ്മീർ പൊലീസ് യു.എ.പി.എ പ്രകാരം കേസെടുത്തത്. കേസുകളിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. എഫ്.ഐ.ആറിൽ ഇതുവരെ വിദ്യാർഥികളുടെ ആരുടേയും പേരില്ലെന്ന് ഡെക്കാൻ ഹെറാൾഡ് റിപ്പോർട്ട് ചെയ്തു
ഇന്ത്യയുടെ തോൽവിയെ തുടർന്ന് പഞ്ചാബിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും കശ്മീരി വിദ്യാർഥികൾക്കെതിരെ അതിക്രമങ്ങൾ നടന്നിരുന്നു. ഇന്ത്യൻ ടീമംഗം മുഹമ്മദ് ഷമിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വിദ്വേഷ പ്രചാരണവും വ്യാപകമായിരുന്നു.