'ഒച്ചവയ്ക്കേണ്ട, നിന്റെ കഴുത്തിന് പിടിക്കും ഞാൻ; തൃണമൂൽ നായ്ക്കൾ...'; വനിതാ പ്രതിഷേധക്കാർക്ക് നേരെ അസഭ്യവും ഭീഷണിയുമായി ബിജെപി നേതാവ്
'ഇത്രകാലം നിങ്ങളെവിടെയായിരുന്നു' എന്ന് പ്രതിഷേധക്കാർ ദിലിപ് ഘോഷിനോട് ചോദിച്ചു.


കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വനിതാ പ്രതിഷേധക്കാർക്കെതിരെ ഭീഷണിയും അസഭ്യവുമായി പശ്ചിമബംഗാൾ ബിജെപി നേതാവ് ദിലിപ് ഘോഷ്. ഖരഗ്പൂരിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ദിലിപ് ഘോഷ് ക്ഷുഭിതനായത്. ആറാം വാർഡിൽ പുതുതായി നിർമിച്ച റോഡിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോൾ പ്രതിഷേധവും ചോദ്യങ്ങളുമായി രംഗത്തെത്തിയ തൃണമൂൽ വനിതാ പ്രവർത്തകർക്കു നേരെയാണ് ബിജെപി നേതാവ് പൊട്ടിത്തെറിച്ചത്.
എംപിയായിരുന്നപ്പോൾ തങ്ങളുടെ പ്രദേശത്തെ തിരിഞ്ഞുനോക്കാതിരിക്കുകയും ഇപ്പോൾ എത്തുകയും ചെയ്തത് ചോദ്യം ചെയ്തതോടെയായിരുന്നു ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കൂടിയായ ദിലീപ് ഘോഷ് വനിതകൾക്കു നേരെ ആക്രോശിച്ചത്. 'ഇത്രകാലം നിങ്ങളെവിടെയായിരുന്നു' എന്ന് പ്രതിഷേധക്കാർ ദിലിപ് ഘോഷിനോട് ചോദിച്ചു. 'നിങ്ങൾ എംപിയായിരുന്നപ്പോൾ ഒറ്റ ദിവസം പോലും ഇവിടെ കണ്ടിട്ടില്ല. ഇപ്പോൾ തൃണമൂൽ കൗൺസിലർ റോഡ് നിർമിച്ചപ്പോൾ നിങ്ങൾ വന്നിരിക്കുന്നു... എന്തിന്...?'- പ്രതിഷേധക്കാരിൽ ഒരാൾ ബിജെപി നേതാവിനോട് ചോദിച്ചു.
എന്നാൽ, 'എന്റെ പണം കൊണ്ട് ഞാനാണ് റോഡുണ്ടാക്കിയത്. നിന്റെ അച്ഛന്റെ പണമല്ല. പോയി കൗൺസിലർ പ്രദീപ് സർകാരിനോട് ചോദിക്ക്'- എന്നായിരുന്നു ദിലിപ് ഘോഷിന്റെ മറുപടി. പക്ഷേ യുവതി പേടിച്ചില്ല. നിങ്ങളെന്തിനാണ് ഞങ്ങളുടെ പിതാവിനെ ഇതിലേക്ക് വലിച്ചിഴയ്ക്കുന്നതെന്ന് അവർ ചോദിച്ചു. 'നിങ്ങൾ എംപിയായിരുന്നല്ലോ, ഇങ്ങനെയൊക്കെ സംസാരിക്കാമോ' എന്നും അവർ ചോദിച്ചു.
ഇതോടെ, 'നിന്റെ 14 തലമുറയെ ഞാൻ വലിച്ചിഴയ്ക്കും, ഒച്ചവയ്ക്കേണ്ട, നിന്റെ കഴുത്തിന് പിടിക്കും ഞാൻ...' എന്നായിരുന്നു ദിലീപ് ഘോഷിന്റെ അടുത്ത ആക്രോശം. താനൊരു പാർലമെന്റേറിയൻ ആയിരുന്നപ്പോൾ ലഭിച്ച എംപിഎൽഎഡി ഫണ്ട് ഉപയോഗിച്ചാണ് ഈ റോഡുണ്ടാക്കിയതെന്ന് പറഞ്ഞ ദിലിപ് ഘോഷ്, 'കടന്നുപോ തൃണമൂൽ നായ്ക്കളേ' എന്ന് അസഭ്യവർഷം ചൊരിയുകയും ചെയ്തു.
ഇതോടെ, തർക്കം സംഘർഷാവസ്ഥയ്ക്ക് വഴിമാറി. തുടർന്ന് അടുത്തുള്ള ഖരഗ്പൂർ ടൗൺ സ്റ്റേഷനിൽ നിന്നുള്ള ഒരു സംഘം പൊലീസുകാർ സ്ഥലത്തെത്തി. അപ്പോഴേക്കും സ്ത്രീകൾ ദിലിപ് ഘോഷിന്റെ കാർ വളഞ്ഞിരുന്നു. തുടർന്ന് അവർ കാറിൽ അടിച്ച് പ്രതിഷേധിച്ചതോടെ ദിലിപ് ഘോഷ് സ്ഥലംവിടുകയായിരുന്നു.
അതേസമയം, താൻ അവിടെ ഇല്ലായിരുന്നെങ്കിലും ഘോഷ് തന്റെ പിതാവിനെയും അപമാനിച്ചെന്ന് കൗൺസിലർ പ്രദീപ് സർകാർ കൂട്ടിച്ചേർത്തു. പ്രതിഷേധക്കാരായ സ്ത്രീകളെ 500 രൂപ തൊഴിലാളികൾ എന്ന് വിളിച്ച് ഘോഷ് അധിക്ഷേപിച്ചതായും അദ്ദേഹം ആരോപിച്ചു. 'സംഭവത്തിൽ ദിലിപ് ഘോഷ് മാപ്പ് പറയണം. അല്ലെങ്കിൽ, ഖരഗ്പൂരിൽ അദ്ദേഹം എവിടെയെത്തിയാലും പ്രതിഷേധങ്ങൾ ഉണ്ടാകും. ബിജെപി നേതാവിന്റെ പരാമർശങ്ങളെ താൻ അപലപിക്കുന്നു. അത്തരം ഭാഷ ഒരു മുൻ എംപിക്ക് യോജിച്ചതല്ല'- കൗൺസിലർ കൂട്ടിച്ചേർത്തു.