'മണിപ്പൂർ ജനതയുടെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ച് അറിയാം, ഉടൻ സമാധാനം പുനസ്ഥാപിക്കും'; ജസ്റ്റിസ് ബി.ആര്‍. ഗവായി
സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പൂർ സന്ദർശനത്തിനിടെയാണ് പ്രതികരണം


ഇംഫാൽ: മണിപ്പൂരിൽ ഉടൻ സമാധാനം പുനസ്ഥാപിക്കുമെന്ന് ജസ്റ്റിസ് ബി.ആര്‍. ഗവായി. മണിപ്പൂർ ജനതയുടെ ദുഷ്കരമായ സാഹചര്യത്തെക്കുറിച്ച് അറിയാമെന്നും ബി.ആര്‍. ഗവായി പറഞ്ഞു. സുപ്രീംകോടതി ജഡ്ജിമാരുടെ മണിപ്പൂർ സന്ദർശനത്തിനിടെയാണ് പ്രതികരണം. ഗവായിയുടെ നേതൃത്വത്തിലുള്ള ജഡ്ജിമാരാണ് കലാപബാധിതർ താമസിക്കുന്ന ക്യാമ്പുകൾ സന്ദർശിക്കുന്നത്.
"മണിപ്പൂരിൽ സമാധാനം ഉടൻ തിരിച്ചു വരുമെന്ന് ഞങ്ങൾ ഉറപ്പ് നൽകുന്നു. എല്ലാവരുടെയും സഹകരണത്തോടെ ഇപ്പോൾ കടന്നുപോകുന്ന സാഹചര്യം മറികടക്കാൻ കഴിയും," ഭരണഘടനയിൽ വിശ്വസിക്കുവെന്നും ചുരാചന്ദ്പൂരിലെ കുക്കി മേഖലയിലെ സന്ദർശനത്തിന് ശേഷം ജസ്റ്റിസ് ബി.ആര്‍. ഗവായി പറഞ്ഞു.
ബിഷ്ണുപൂരിലെ മെയ്തെയ് ക്യാമ്പുകളും ജഡ്ജിമാരുടെ സംഘം സന്ദർശിച്ചു. ജസ്റ്റിസ് ബി.ആര്‍. ഗവായിക്ക് പുറമെ, ജസ്റ്റിസ് മാരായ സൂര്യകാന്ത്, വിക്രംനാഥ്, എം.എം സുന്ദരേഷ്, എന്‍.കെ സിങ് എന്നിവരാണ് സംഘത്തിലുള്ളത്. ക്യാമ്പുകളിൽ കഴിയുന്നവർക്ക് ജഡ്ജിമാർ കിടക്കകൾ നൽകി. കൂടാതെ കലാപബാധിതര്‍ക്ക് നിയമസഹായവും, മാനുഷിക സഹായവും ലഭ്യമാക്കുന്നതിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും നടന്നു.
ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സംഘത്തിലെ മെയ്തി വിഭാഗത്തില്‍പ്പെട്ട ജസ്റ്റിസ് എന്‍.കെ സിങ്, ചുരാചന്ദ്പൂര്‍ സന്ദർശിച്ചില്ല. ജസ്റ്റിസ് എന്‍.കെ സിങ് കുക്കി ഭൂരിപക്ഷമേഖല സന്ദര്‍ശിക്കില്ലെന്ന കാര്യം ചുരാചന്ദ്പൂര്‍ ജില്ലാ ബാര്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചിരുന്നു. നാളെ മണിപ്പൂര്‍ ഹൈക്കോടതിയില്‍ 12 വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന ആഘോഷ പരിപാടികളിലും ജഡ്ജിമാർ പങ്കെടുക്കും.