സൗജന്യ ഭക്ഷണം, താമസം, പ്രതിമാസം 10,000 രൂപ...; മാവോയിസ്റ്റുകൾക്കായി പുതിയ കീഴടങ്ങൽ പോളിസിയുമായി ഛത്തീസ്ഗഢ് സർക്കാർ
കീഴടങ്ങുന്നയാൾ മാവോയിസ്റ്റ് തന്നെയാണോ എന്ന് ഉറപ്പാക്കാനായി ഒരു ജില്ലാതല സമിതി രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.


റായ്പ്പൂർ: മാവോയിസ്റ്റ് വേട്ട തുടരുന്നതിനിടെ പുതിയ കീഴടങ്ങൽ- പുനരധിവാസ പോളിസിയുമായി ഛത്തീസ്ഗഢ് ബിജെപി സർക്കാർ. കീഴടങ്ങുന്ന മാവോയിസ്റ്റുകൾക്ക് സൗജന്യ ഭക്ഷണം, താമസം, പണം, ഭൂമി തുടങ്ങിയവയാണ് വാഗ്ദാനങ്ങൾ. റായ്പ്പൂരിൽ വാർത്താസമ്മേളനത്തിൽ ആഭ്യന്തരമന്ത്രി വിജയ് ശർമയാണ് പുതിയ നയം പ്രഖ്യാപിച്ചത്.
രാജ്യത്തെ തന്നെ ഏറ്റവും മികച്ച പോളിസിയാണിതെന്നും നിരവധി മാവോയിസ്റ്റുകൾ കീഴടങ്ങുമെന്നും മന്ത്രി പറഞ്ഞു. ബസ്തർ മേഖലയിൽ കഴിഞ്ഞദിവസം രണ്ട് ഇടങ്ങളിലായി 30 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രഖ്യാപനം. കീഴടങ്ങുന്നയാൾ മാവോയിസ്റ്റ് തന്നെയാണോ എന്ന് ഉറപ്പാക്കാനായി ഒരു ജില്ലാതല സമിതി രൂപീകരിക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.
മാവോയിസ്റ്റ് തന്നെയെന്ന് ഉറപ്പായാൽ, അവർക്ക് മൂന്ന് വർഷം ഭക്ഷണവും താമസവും സൗജന്യമായിരിക്കും. പ്രതിമാസം 10,000 രൂപ വീതം നൽകും. പരിശിലീന പരിപാടികളിൽ പങ്കെടുപ്പിക്കുകയും ഭൂമി നൽകുകയും പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം അതിൽ വീടുവച്ച് നൽകുകയും ചെയ്യും. ആയുധം കൊണ്ടുവരുന്നതിന് അവർക്ക് അധിക ആനുകൂല്യങ്ങൾ ലഭിക്കും. അറസ്റ്റിലാകുമ്പോൾ പാരിതോഷിക തുകയും ലഭിക്കും”- മന്ത്രി വിശദമാക്കി.
കൂട്ട കീഴടങ്ങലിന് പാരിതോഷികം ഇരട്ടിയാണ്. മാവോയിസ്റ്റ് രഹിതമായി പ്രഖ്യാപിക്കപ്പെടുന്ന പഞ്ചായത്തിന് ഒരു കോടി രൂപ എത്രയും പെട്ടെന്ന് അനുവദിക്കും. ആ ഗ്രാമത്തിന് മൊബൈൽ നെറ്റ്‌വർക്ക്, ഇലക്ട്രിക് ലൈൻ, സോളാർ വെളിച്ചം എന്നിവയും അനുവദിക്കും. കൂട്ട കീഴടങ്ങലുകൾ ഉറപ്പാക്കാനാണ് ഇത്. വിവാഹിതരായ ദമ്പതികൾക്കും അവരുടെ കുട്ടികൾക്കും വേണ്ടിയുള്ള വ്യവസ്ഥകളും ഉണ്ട്"- ആഭ്യന്തര മന്ത്രി പറഞ്ഞു.
പുതിയ പുനരധിവാസ നയപ്രകാരം, നക്സൽ അക്രമത്തിൽ മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസം സംസ്ഥാനം സ്പോൺസർ ചെയ്യും. നക്സലിസം കാരണം കുടിയിറക്കപ്പെട്ടവർക്ക് സാമ്പത്തിക സഹായവും ഭൂമിയും ലഭിക്കുമെന്നും ശർമ കൂട്ടിച്ചേർത്തു. ബിജാപൂരിൽ 26ഉം കങ്കറിൽ നാല് മാവോയിസ്റ്റുകളെയുമാണ് കഴിഞ്ഞദിവസം സുരക്ഷേസേന കൊലപ്പെടുത്തിയത്. ഏറ്റുമുട്ടലിൽ രാജു ഓയം എന്ന ജവാൻ വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു.
ബിജാപൂരിൽ കൊല്ലപ്പെട്ട 26 മാവോയിസ്റ്റുകൾ അവരുടെ ടാക്റ്റിക്കൽ കൗണ്ടർ ഒഫൻസീവ് കാംപയ്ൻ (ടിസിഒസി) യോഗത്തിന്റെ ഭാഗമായി ഒത്തുകൂടിയവരാണെന്ന് പൊലീസ് പറഞ്ഞു. മാർച്ച് മുതൽ ജൂൺ വരെയുള്ള കാലഘട്ടത്തിലാണ് ടിസിഒസി. കൊല്ലപ്പെട്ട 30ൽ 19 മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിഞ്ഞതായി ബസ്തർ പൊലീസ് അറിയിച്ചു. ഇതിൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കളായ ലോകേഷ്, സിറ്റോ കാട്തി എന്നിവരും ഉൾപ്പെടുന്നു. എട്ട് ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന മാവോയിസ്റ്റ് നേതാക്കളാണ് ഇരുവരുമെന്നും ഏറ്റുമുട്ടലിലാണ് ഇവരെ കൊലപ്പെടുത്തിയതെന്നും ഐജി സുന്ദർ രാജ് കൂട്ടിച്ചേർത്തു.