വിദ്യാർഥിനിക്ക് നേരെ ലൈം​ഗികാതിക്രമം, പിടിക്കപ്പെടാതിരിക്കാൻ മുറി പൂട്ടി ഒളിച്ചിരുന്നു; അസമിൽ എൻഐടി പ്രൊഫസർ അറസ്റ്റിൽ

ചേംബറിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പ്രൊഫസർ ലൈംഗികാതിക്രമം നടത്തിയതെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു.

Update: 2025-03-22 10:15 GMT
NIT Professor Arrested For Sexual Harassment in Asssam
AddThis Website Tools
Advertising

ഗുവാഹത്തി: വിദ്യാർ‌ഥിനിക്ക് നേരെ ലൈം​ഗികാതിക്രം നടത്തിയ എൻഐടി അസിസ്റ്റന്റ് പ്രൊഫസർ അറസ്റ്റിൽ. അസം സിൽച്ചാറിലെ എൻഐടി അധ്യാപകൻ ഡോ. കൊടേശ്വര രാജു ധേനുകൊണ്ടയാണ് അറസ്റ്റിലായത്. സംഭവത്തിനു പിന്നാലെ ഇയാളെ സ്ഥാപനം സസ്പെൻഡ് ചെയ്തു. ലൈം​ഗികാതിക്രമത്തിന് ഇരയായ പെൺകുട്ടിയും കുടുംബവും നൽകിയ പരാതിയിൽ കേസെടുത്ത പൊലീസ് എൻഐടി ക്യാംപസിൽ നിന്നാണ് പ്രൊഫസറെ അറസ്റ്റ് ചെയ്തതെന്ന് കച്ചാർ പൊലീസ് സൂപ്രണ്ട് നുമൽ മഹാട്ട പറഞ്ഞു.

പിടിയിലാവാതിരിക്കാൻ മുറി പൂട്ടി ഉള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു പ്രതി. എന്നാൽ മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിച്ചാണ് ഒളിച്ചിരിക്കുന്ന സ്ഥലം മനസിലാക്കിയത്. തുടർന്ന് പൊലീസ് സംഘം കോളജിൽ എത്തുകയും ഇന്നലെ വൈകീട്ട് അഞ്ചരയോടെ പിടികൂടുകയുമായിരുന്നു. ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്- എസ്പി വിശദമാക്കി.

ബാച്ച്ലർ ഓഫ് ടെക്നോളജി വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിഭാ​ഗം അധ്യാപകനായ കൊടേശ്വരയെ സ്ഥാപനം സസ്പെൻഡ് ചെയ്തതിനു പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പ്രൊഫസർക്കെതിരെ നടപടിയാവശ്യപ്പെട്ട് വിദ്യാർഥികൾ എൻഐടി ക്യാംപസിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ചേംബറിലേക്ക് വിളിച്ചുവരുത്തിയ ശേഷമായിരുന്നു പ്രൊഫസർ ലൈം​ഗികാതിക്രമം നടത്തിയതെന്ന് വിദ്യാർഥിനിയുടെ പരാതിയിൽ പറയുന്നു. പാഠഭാ​ഗങ്ങളെ കുറിച്ച് സംസാരിക്കാൻ വിളിച്ച ശേഷം മോശമായി സ്പർശിക്കുകയും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ പിടിക്കുകയും ചെയ്തെന്നും പരാതിയിലുണ്ട്.

'അടുത്തേക്ക് ഇരിക്കാൻ അയാൾ പറഞ്ഞു. എന്തുകൊണ്ടാണ് മാർക്ക് കുറവെന്നും ചോദിച്ചു. തുടർന്ന് തന്റെ കൈയിലും വിരലുകളിലും പിടിക്കുകയും ചെയ്തു. ശേഷം തുടയിൽ പിടിച്ചു. തുടർന്ന് അശ്ലീല ​ഗാനങ്ങൾ പാടാൻ തുടങ്ങി. പിന്നാലെ വയറിൽ പിടിക്കുകയും തടവുകയും ചെയ്തു. ഇതോടെ, താൻ കരഞ്ഞെങ്കിലും അയാൾ നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് എന്റെ കഴുത്തിൽ പിടിച്ച് അയാളുടെ ശരീരത്തോട് ചേർത്തുവയ്ക്കുകയും ചെയ്തു'- പെൺകുട്ടി പരാതിയിൽ വിശദമാക്കുന്നു.

പ്രൊഫസറുടെ കാബിന് പുറത്ത് കാത്തുനിന്ന സുഹൃത്ത് ഫോൺ വിളിച്ചതിനെത്തുടർന്നാണ് താൻ രക്ഷപ്പെട്ടതെന്നും പെൺകുട്ടി പറഞ്ഞു. മാനസിക- ലൈംഗിക പീഡനമാണ് തനിക്ക് നേരിടേണ്ടിവന്നതെന്നും വിദ്യാർഥിനി പ്രതികരിച്ചു. സംഭവത്തെ തുടർന്ന് പ്രൊഫസറുടെ ചേംബർ സീൽ ചെയ്തതായി രജിസ്ട്രാർ ആശിം റോയ് പറഞ്ഞു. ഇരയായ പെൺകുട്ടിക്ക് സുരക്ഷിതത്വം ലഭിക്കാൻ ആവശ്യമായ എല്ലാ പിന്തുണയും നൽകുമെന്നും പരാതി അന്വേഷണത്തിനായി സ്ഥാപനത്തിലെ ആഭ്യന്തര പരാതി പരിഹാര സമിതിക്ക് കൈമാറിയതായും അദ്ദേഹം അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News