വിവാഹ സല്‍ക്കാരത്തിന് പ്ലേറ്റ് എത്തിക്കാന്‍ വൈകി; കാറ്ററിംഗ് ജീവനക്കാരനെ അടിച്ചുകൊന്നു
വ്യാഴാഴ്ച പുലർച്ചെ രോഹിണി സെക്ടർ-12 ഏരിയയിലെ ദേശീയ തലസ്ഥാനത്തെ ജാപ്പനീസ് പാർക്കിന് സമീപമാണ് സംഭവം
ഡല്‍ഹി: വിവാഹ സല്‍ക്കാരത്തിന് പ്ലേറ്റ് എത്തിക്കാന്‍ വൈകിയതിനെ തുടര്‍ന്ന് കാറ്ററിംഗ് ജീവനക്കാരനെ പ്ലാസ്റ്റിക് ട്രേ കൊണ്ട് അടിച്ചുകൊലപ്പെടുത്തി. വിരുന്നിനെത്തിയ ഡി.ജെ ടീമിലെ അംഗങ്ങളാണ് കൊല നടത്തിയത്. വ്യാഴാഴ്ച പുലർച്ചെ രോഹിണി സെക്ടർ-12 ഏരിയയിലെ ദേശീയ തലസ്ഥാനത്തെ ജാപ്പനീസ് പാർക്കിന് സമീപമാണ് സംഭവം.
കിരാരിയിലെ പ്രേം നഗർ സ്വദേശിയും കാറ്ററിങ് സംഘത്തിലുണ്ടായിരുന്ന സന്ദീപ് താക്കൂറാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച പുലർച്ചെ 12.58 ന്, രോഹിണിയിലെ സെക്ടർ-12 ൽ ജാപ്പനീസ് പാർക്കിന് സമീപമുള്ള സവാരിയൻ ടെന്റിന് പിന്നിൽ ബഹളം നടക്കുന്നതായി പ്രശാന്ത് വിഹാർ പോലീസ് സ്റ്റേഷനിൽ ഒരു കോൾ വന്നതായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു. ചടങ്ങിനിടെ ഡിജെയ്‌ക്കൊപ്പമുണ്ടായിരുന്ന ആളുകൾക്ക് ഭക്ഷണം കഴിക്കുന്നതിനായി പ്ലേറ്റ് കൊണ്ടുവരാത്തതിനെ തുടർന്നാണ് താക്കൂറിനെ രണ്ട് പേർ ചേർന്ന് മർദിച്ചതെന്ന് പൊലീസ് പറഞ്ഞു.
തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും പ്ലാസ്റ്റിക് ക്രേറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു.സംഭവത്തില്‍ പ്രശാന്ത് വിഹാർ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.ഏറ്റുമുട്ടൽ നടക്കുമ്പോൾ നാല് പേർ സ്ഥലത്തുണ്ടായിരുന്നുവെന്ന് ഇതുവരെയുള്ള അന്വേഷണത്തിൽ വ്യക്തമായതായി പൊലീസ് പി.ടി.ഐയോട് പറഞ്ഞു.ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.