സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യ, റിയ ചക്രവർത്തിക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് സിബിഐ
2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്


മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണം ആത്മഹത്യയെന്ന് സിബിഐ അന്തിമ റിപ്പോർട്ട്. മരണത്തിൽ ദുരൂഹതയില്ലെന്നും സുശാന്തിന്റെ സുഹൃത്തായിരുന്ന നടി റിയാ ചക്രവർത്തിക്ക് മരണത്തിൽ പങ്കില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കേസിൽ അന്വേഷണം പൂർത്തിയാക്കി മുംബൈ പ്രത്യേകകോടതിയിലാണ് സിബിഐ അന്തിമറിപ്പോർട്ട് സമർപ്പിച്ചത്.
2020 ജൂൺ 14 നാണ് സുശാന്തിനെ ബാന്ദ്രയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്. മുറിയിൽ നിന്ന് ആത്മഹത്യാകുറിപ്പോ അതിക്രമിച്ച് കടന്നതിന്റെ പാടുകളോ കണ്ടെത്തിയിരുന്നില്ല. സുശാന്തിന്റേത് ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ.
എന്നാൽ സുശാന്ത് കൊല്ലപ്പെട്ടതാണെന്ന് പിതാവ് ആരോപണം ഉന്നയിച്ചതോടെയാണ് കേസ് സിബിഐക്ക് കൈമാറിയത്. സുശാന്തിന്റെ സുഹൃത്തായ റിയ പണം തട്ടിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിൽ പിന്നാലെ അറസ്റ്റിലായ റിയ ചക്രവർത്തി 27 ദിവസം ജയിൽവാസം അനുഭവിച്ചിരുന്നു.
ആരും നടനെ ആത്മഹത്യക്ക് പ്രേരിപ്പിച്ചതായി കണ്ടെത്താനായില്ലെന്ന് സിബിഐ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. വിഷാദമാണ് ആത്മഹത്യക്ക് കാരണമായതെന്നാണ് നിഗമനം. സുശാന്തിന്റേത് ആത്മഹത്യയാണെന്ന് റിപ്പോർട്ടാണ് ഫോറൻസിക് വിദഗ്ധരും സിബിഐക്ക് കൈമാറിയത്. ഇനി റിപ്പോര്‍ട്ട് സ്വീകരിക്കണോ അതോ കൂടുതല്‍ അന്വേഷത്തിന് ഉത്തരവിടണോയെന്ന് കോടതി തീരുമാനിക്കും.
റിപ്പോർട്ട് സ്വാഗതം ചെയ്യുന്നതായി റിയയുടെ അഭിഭാഷകൻ പ്രതികരിച്ചു. സുശാന്തിന്റെ മരണത്തിന് പിന്നാലെ റിയ പറഞ്ഞറിയിക്കാനാകാത്ത ദുരിതങ്ങൾ അനുഭവിച്ചെന്നും, സാമൂഹ്യ മാധ്യമങ്ങളിലും വാർത്തകളിലും റിയയുമായി ബന്ധപ്പെട്ട വ്യാജവാർത്തകൾ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.