വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിച്ച് കേന്ദ്രം; പുതുക്കിയ നിരക്ക് ജൂൺ ഒന്ന് മുതൽ
ചരക്ക് വാഹനങ്ങളുടെ തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയവും വർധിപ്പിച്ചു
ന്യൂഡൽഹി: വാഹനങ്ങളുടെ ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിച്ചു. കേന്ദ്ര ഗതാഗത മന്ത്രാലയമാണ് ഇൻഷൂറൻസ് പ്രീമിയം തുക വർധിപ്പിച്ചത്. ഇലക്ട്രിക് വാഹനങ്ങൾക്ക് തുകയിൽ ഇളവ് നൽകിയപ്പോൾ ഇരുചക്ര വാഹനങ്ങൾ മുതൽ ചർക്കുവാഹനങ്ങൾക്ക് വരെ പ്രീമിയം തുക വർധിപ്പിച്ചു. സ്‌കൂൾ, കോളേജ് ബസുകൾക്കും വിന്റേജ് കാറുകൾക്കും പ്രീമിയം തുക കുറച്ചു. 1000 സിസി വരെയുള്ള കാറുകൾക്ക് 2094 രൂപയാണ് പ്രീമിയം തുക.
2019 -20 സാമ്പത്തിക വർഷം നിശ്ചയിച്ച തേർഡ് പാർട്ടി ഇൻഷൂറൻസ് പ്രീമിയം തുകയാണ് കേന്ദ്ര സർക്കാർ ഇപ്പൊൾ പരിഷ്‌കരിച്ചത്. കോവിഡിനെ തുടർന്ന് രണ്ട് വർഷത്തെ മോറട്ടോറിയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചിരുന്നു. പുതിയ കണക്കുകൾ പ്രകാരം 150 സിസി മുതൽ 350 സിസി വരെയുള്ള ഇരു ചക്ര വാഹനങ്ങൾക്ക് പ്രീമിയം തുകയിൽ 173 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.
എന്നാൽ 350 സിസിയിൽ കൂടുതൽ ഉള്ള ഇരുചക്ര വാഹനങ്ങൾക്ക് പ്രീമിയം തുകയിൽ 239 രൂപയുടെ കുറവും സംഭവിച്ചു. കാറുകൾക്ക് 22 രൂപ മുതൽ 195 രൂപ വരെയാണ് ഇൻഷൂറൻസ് തുകയിൽ വർധന വന്നിട്ടുള്ളത്. 1000 സിസി വരെയുള്ള കാറുകൾക്ക് 2,094 രൂപയും 1000 സിസി മുതൽ 1,500 സിസി വരെയുള്ള കാറുകൾക്ക് 3416 രൂപയും 1500 സിസിക്ക് മുകളിലുള്ള കാറുകൾക്ക് 7897 രൂപയുമാണ് പുതിയ പ്രീമിയം നിരക്കുകൾ. വിന്റേജ് കാറുകൾക്ക് പ്രീമിയം തുക പകുതിയായി കുറയും. ഇലക്ട്രിക് - ഹൈബ്രിഡ് വാഹനങ്ങൾക്കും തുകയിൽ കുറവുണ്ട്. എന്നാൽ പ്രീമിയം തുക വർധന ഗുരുതരമായി ബാധിച്ചത് ചരക്ക് വാഹനങ്ങളെ ആണ്. 1899 രൂപ മുതൽ 2681 രൂപ വരെയാണ് പ്രീമിയം തുകയിലെ മാറ്റം. പുതുക്കിയ നിരക്ക് ജൂൺ 1 മുതൽ പ്രാബല്യത്തിൽ വരുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അറിയിച്ചു.