വിമാനത്താവളങ്ങളിലെ വിദേശയാത്രക്കാരുടെ പരിശോധന ഊർജിതമാക്കും; കോവിഡിനെതിരെ ജാഗ്രത ശക്തമാക്കി കേന്ദ്രം
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പരിശോധന ഫലം ലഭിക്കും വരെ ക്വാറന്റൈനിലേക്ക് മാറ്റും
ന്യൂഡല്‍ഹി: കോവിഡിന്റെ പുതിയ വകഭേദത്തിനെതിരെ ജാഗ്രത ശക്തമാക്കി കേന്ദ്രസർക്കാർ. വിമാനത്താവളങ്ങളിൽ എത്തുന്ന വിദേശയാത്രക്കാരുടെ പരിശോധന ഇന്നുമുതൽ ഊർജിതമാക്കും. രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പരിശോധന ഫലം ലഭിക്കും വരെ ക്വാറന്റൈനിലേക്ക് മാറ്റും. ചൊവ്വാഴ്ച മോക് ഡ്രില്ലുകൾ നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട് ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തയച്ചിരുന്നു.
വിദേശരാജ്യങ്ങളിൽ നിന്നുള്ള രണ്ട് ശതമാനം യാത്രക്കാരെ വീതമാണ് റാൻഡം സാമ്പിൾ പരിശോധനയ്ക്കായി വിമാനത്താവളങ്ങളിൽ തെരഞ്ഞെടുക്കുന്നത്. ഏതെങ്കിലും തരത്തിൽ ലക്ഷണമുള്ള യാത്രക്കാരെ ആർ.ടി.പി.സി.ആർ പരിശോധനയ്ക് വിധേയമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം വിമാനത്താവള അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പനിയോ മറ്റു ലക്ഷണങ്ങളോ ഉള്ളവരെ പരിശോധനാഫലം ലഭിക്കുന്നതുവരെ ക്വാറന്റൈനിലേക്ക് മാറ്റും. ചൈന ഉൾപ്പെടെ രോഗവ്യാപനം തീവ്രമായ 5 രാജ്യങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്ക് സുവിധ പോർട്ടൽ വഴിയാകും പരിശോധന ഉറപ്പുവരുത്തുന്നത്. രാജ്യത്തെ 19 ആശുപത്രികളിൽ ചൊവ്വാഴ്ചയാണ് കേന്ദ്രസർക്കാർ മോക്ഡ്രിൽ നടത്തുന്നത്. അന്നേദിവസം ആശുപത്രികളിലെ ഓക്‌സിജൻ ലഭ്യതയും വെന്റിലേറ്റർ സൗകര്യവും ഉറപ്പുവരുത്തുന്നതിനായി സംസ്ഥാനങ്ങളോടും മോക്ഡ്രിൽ നടത്താൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
വാക്‌സിനേഷനും കോവിഡ് പരിശോധനയും കർശനമാക്കാനും ആശുപത്രികളിലെ അടിസ്ഥാന സൗകര്യം ഉറപ്പുവരുത്താനും നിർദ്ദേശിച്ചുകൊണ്ട് ഇന്നലെയാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്ക് കത്തയച്ചത്. അതേസമയം രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആളുകൾ ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് സർക്കാർവൃത്തങ്ങൾ അറിയിക്കുന്നത്. രാജ്യം മതിയായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും, ഒമിക്രോൺ വകഭേദത്തെ അപേക്ഷിച്ച് കൂടുതൽ പ്രഹര ശേഷിയുള്ളതല്ല പുതിയ വകഭേദമെന്നും സർക്കാർ അറിയിക്കുന്നുണ്ട്. വാക്‌സിൻ സ്വീകരിച്ച ഇന്ത്യക്കാരിൽ ആർജ്ജിത പ്രതിരോധശേഷി കൂടുതലായതിനാൽ ചൈനയിലേതിന് സമാനമായ ഒരു സാഹചര്യം രാജ്യത്ത് ഉണ്ടാകില്ല എന്നാണ് ആരോഗ്യവിദഗ്ധരും വിലയിരുത്തുന്നത്.