നിയമം ലംഘിച്ചാൽ കേന്ദ്രത്തിന് ട്വിറ്ററിനെതിരെ നടപടിയെടുക്കാം: ഡൽഹി ഹൈക്കോടതി

പരാതി പരിഹാര ഉദ്യോഗസ്ഥന്റെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് കോടതി ട്വിറ്ററിനോട് നിര്‍ദേശിച്ചു

Update: 2021-07-08 12:05 GMT
Editor : Shaheer | By : Web Desk
Advertising

നിയമം ലംഘിച്ചാൽ ട്വിറ്ററിനെതിരെ നടപടി സ്വീകരിക്കാൻ കേന്ദ്ര സർക്കാരിന് സ്വാതന്ത്ര്യമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. ട്വിറ്ററിന് ഇടക്കാല സംരക്ഷണം നൽകില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

പുതിയ ഐടി നിയമങ്ങൾ ട്വിറ്റർ പാലിക്കുന്നില്ലെന്ന ഹരജിയിൽ വാദം കേൾക്കുകയായിരുന്നു ഡൽഹി കോടതി. പരാതി പരിഹാര ഉദ്യോഗസ്ഥന്റെ നിയമനവുമായി ബന്ധപ്പെട്ട് രണ്ട് ആഴ്ചയ്ക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹരജി പരിഗണിച്ച ജസ്റ്റിസ് രേഖ പള്ളി ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഏൽപിക്കപ്പെട്ട ചുമതലകളുടെ പരിപൂർണ ഉത്തരവാദിത്തം ഇവർക്കായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

കമ്പനിയിലെ പരാതി പരിഹാര ഓഫീസറുടെ നിയമനം ട്വിറ്റർ വൈകിപ്പിക്കുന്നതിൽ നേരത്തെ കോടതി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. പുതിയ ഓഫീസറെ എട്ട് ആഴ്ചയ്ക്കുള്ളിൽ നിയമിക്കുമെന്ന് ട്വിറ്റർ അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. ഹരജിയിൽ വാദംകേൾക്കൽ ജൂലൈ 28ലേക്ക് മാറ്റിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 25നാണ് പുതിയ ഐടി നിയമങ്ങൾ പുറത്തുവിട്ടതെന്നും നിയമം അനുസരിക്കാൻ ബന്ധപ്പെട്ട കമ്പനികൾക്ക് മൂന്നു മാസത്തോളം സമയം അനുവദിച്ചിരുന്നുവെന്നും സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ അഡീഷനൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ പറഞ്ഞു. മെയ് 25 കഴിഞ്ഞ് 42 ദിവസം പിന്നിട്ടിട്ടും ട്വിറ്റർ പുതിയ നിയമങ്ങൾ പാലിച്ചിട്ടില്ല. ഇത് രാജ്യത്തിന്റെ ഡിജിറ്റൽ പരമാധികാരത്തോടുള്ള അനാദരവാണെന്നും ശർമ കുറ്റപ്പെടുത്തി.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News