'ഹോട്ടലുകളിലെ അധിക സർവീസ് ഈടാക്കുന്നത് നിയമവിരുദ്ധം'; നിയമനിർമാണത്തിനൊരുങ്ങി കേന്ദ്രം
2017ൽ മാർഗനിർദേശം പുറത്തിറക്കിയെങ്കിലും ഹോട്ടല്‍ ഉടമകള്‍ നടപ്പാക്കിയിരുന്നില്ല
ഡൽഹി: രാജ്യത്തെ ഹോട്ടലുകളും റെസ്റ്ററന്റുകളും ഉപയോക്താക്കളിൽനിന്ന് അധിക സർവീസ് ചാർജ് ഈടാക്കുന്നത് തടയാൻ നിയമനിർമാണത്തിന് ഒരുങ്ങി കേന്ദ്രസർക്കാർ. സർവീസ് ചാർജുകൾ നിയമവിരുദ്ധമാണെന്ന് കേന്ദ്രം. സർവീസ് ചാർജുകൾ ഈടാക്കുന്നത് ഉടൻ അവസാനിപ്പിക്കാൻ നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.
നാഷണൽ റസ്റ്ററന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള സംഘടനകളുടെ സാന്നിധ്യത്തിൽ സർവീസ് ചാർജ് ഈടാക്കുന്നതിന് നിയമനിർമാണം നടത്താന്‍ കേന്ദ്ര ഉപഭോക്തൃ കാര്യ വകുപ്പ് സെക്രട്ടറി രോഹിത് കുമാർ സിംഗിന്റെ അധ്യക്ഷതയിൽ കഴിഞ്ഞദിവസം യോഗം ചേർന്നിരുന്നു. യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു രോഹിത് കുമാർ സിംഗ്. സേവന നിരക്ക് നൽകാൻ റെസ്റ്ററന്റുകൾക്ക് ഉപഭോക്താക്കളെ നിർബന്ധിക്കാനാവില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരുന്നു.
എന്നാൽ സർവീസ് ചാർജിനെ കുറിച്ചുള്ള വിവരങ്ങൾ റസ്റ്ററന്റുകൾ മെനു കാർഡുകളിൽ നൽകാറുണ്ടെന്നും ഇത് മനസിലാക്കിയാണ് ഉപഭോക്താക്കൾ ഹോട്ടലുകളിൽ കയറാറുളളത് എന്നുമായിരുന്നു റസ്റ്ററന്റ് സംഘടനകളുടെ പ്രതികരണം. ഉപഭോക്തൃകാര്യ വകുപ്പ് 2017ൽ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് സേവന നിരക്ക് നൽകാൻ ഉപഭോക്താവിനെ നിർബന്ധിക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ഒരു ഉപഭോക്താവ് റെസ്റ്ററന്റിലേക്ക് പ്രവേശിക്കുന്നത് സേവന നിരക്ക് നൽകാനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്നും ഈ മാർഗ്ഗനിർദ്ദേശത്തിലുണ്ട്.