സുപ്രിംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നാമനിർദേശം ചെയ്തു

ചീഫ് ജസ്റ്റിസ് യു.യു ലളിത് ആണ് ജസ്റ്റിസ് ചന്ദ്രചൂഢിന്റെ പേര് നിർദേശിച്ചത്. നവംബർ എട്ടിനാണ് ജസ്റ്റിസ് ലളിത് വിരമിക്കുന്നത്.

Update: 2022-10-11 07:02 GMT
Advertising

ന്യൂഡൽഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് യു.യു ലളിത് തന്റെ പിൻഗാമിയായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിനെ നാമനിർദേശം ചെയ്തു. ഇതുസംബന്ധിച്ച് ഔദ്യോഗിക കത്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന്റെ ഭാഗമായി ചീഫ് ജസ്റ്റിസ് സുപ്രിംകോടതി ജഡ്ജിമാരുടെ യോഗം വിളിച്ചു. യോഗശേഷം, ഇന്ത്യയുടെ 50-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പേര് നിർദേശിച്ചിട്ടുള്ള കത്ത് യു.യു ലളിത് കേന്ദ്ര നിയമ മന്ത്രാലയത്തിന് കൈമാറും.

നിലവിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസ് തന്റെ പിൻഗാമിയെ നിർദേശിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രസർക്കാരിന് ഔപചാരികമായി അയ്ക്കണമെന്ന് പ്രോട്ടോക്കോൾ അനുശാസിക്കുന്നുണ്ട്. കത്ത് നിയമമന്ത്രാലയം പരിഗണിക്കും.

പിൻഗാമിയുടെ പേര് നിർദേശിക്കാൻ കഴിഞ്ഞ ആഴ്ച നിയമ മന്ത്രാലയം ജസ്റ്റിസ് യു.യു ലളിതിനോട് ആവശ്യപ്പെട്ടിരുന്നു. നവംബർ എട്ടിനാണ് ജസ്റ്റിസ് യു.യു ലളിത് വിരമിക്കുന്നത്. ഡി.വൈ ചന്ദ്രചൂഢിന് 2024 നവംബർ 10 വരെ കാലാവധിയുണ്ട്.

സുപ്രിംകോടതി മുൻ ചീഫ് ജസ്റ്റിസ് എൻ വി രമണ, പിൻഗാമിയെ നിർദേശിച്ചുകൊണ്ടുള്ള കത്ത് കേന്ദ്രസർക്കാരിന് സമർപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ അന്ന് പുറത്തു വിട്ടിരുന്നു. കോടതി നടപടികൾ പൊതുജനങ്ങൾക്കുകൂടി സ്വീകാര്യമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം നടപടികളെന്നാണ് ലഭിക്കുന്ന സൂചനകൾ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News