ബി.ജെ.പി നേതാവ് നോൺവെജ് ഭക്ഷണം കഴിച്ച് ക്ഷേത്രത്തിൽ പ്രവേശിച്ചു; ഇരട്ടത്താപ്പെന്ന് കോൺഗ്രസ്
ഫെബ്രുവരി 19ന് സി.ടി രവി ഭട്കലിലെ ക്ഷേത്രം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം.
ബെംഗളൂരു: ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി രവി നോൺവെജ് ഭക്ഷണം കഴിച്ച ശേഷം ക്ഷേത്രത്തിൽ പ്രവേശിച്ചെന്ന ആരോപണവുമായി കോൺഗ്രസ്. ഫെബ്രുവരി 19ന് സി.ടി രവി ഭട്കലിലെ ക്ഷേത്രം സന്ദർശിച്ചതുമായി ബന്ധപ്പെട്ടാണ് ആരോപണം.
ശിവജി ജയന്തി ആഘോഷത്തിൽ പങ്കെടുക്കാനാണ് സി.ടി രവി കാർവാർ ജില്ലയിലെത്തിയത്. പരിപാടിക്ക് ശേഷം ഭട്കൽ എം.എൽ.എ സുനിൽ നായികിന്റെ വസതിയിലെത്തിയപ്പോഴാണ് സി.ടി രവി മീൻ വിഭവങ്ങൾ കൂട്ടി ഭക്ഷണം കഴിച്ചത്. ഇതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
ഇതിന് ശേഷമാണ് രാജാംഗന നാഗബന ക്ഷേത്രം സന്ദർശിച്ചത്. ക്ഷേത്രം അടച്ചതിനാൽ പുറത്തുനിന്നാണ് അദ്ദേഹം പ്രാർഥിച്ചത്. തുടർന്ന് സമീപത്തുള്ള കരിബന്ത ക്ഷേത്രവും സന്ദർശിച്ചു. ഇവിടെ അകത്ത് പ്രവേശിച്ചാണ് സി.ടി രവി പ്രാർഥന നടത്തിയതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ആരോപണങ്ങൾ സി.ടി രവി നിഷേധിച്ചു. താൻ മീൻ വിഭവങ്ങൾ കഴിച്ചിരുന്നുവെന്നും എന്നാൽ ക്ഷേത്രത്തിൽ പ്രവേശിച്ചിട്ടില്ല, പുറത്തുനിന്നാണ് പ്രാർഥിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വിഷയത്തിൽ ബി.ജെ.പിക്ക് ഇരട്ടത്താപ്പാണെന്ന് കോൺഗ്രസ് എം.എൽ.എ പ്രിയങ്ക് ഖാർഗെ പറഞ്ഞു. ''സിദ്ധരാമയ്യ മാംസഭക്ഷണം കഴിച്ച് ക്ഷേത്രത്തിൽ പോയെന്ന് അവർ വ്യാജ ആരോപണം ഉന്നയിച്ചു. ഞങ്ങൾ ചെയ്യുമ്പോൾ തെറ്റും നിങ്ങൾ അവിടെ പോകുമ്പോൾ അത് ന്യായവുമാകുന്നത് എങ്ങനെയാണ്? ഹിന്ദുത്വ അല്ലെങ്കിൽ സവർക്കർ അല്ലെങ്കിൽ ടിപ്പു. കർണാടകയെ മനസിൽ കരുതി വല്ലതും ചെയ്യൂ''-ഖാർഗെ പറഞ്ഞു.