'കോൺഗ്രസിന് ഒറ്റക്ക് ജയിക്കാൻ ശേഷിയുണ്ട്'; ഹരിയാനയിൽ ആരുമായും സഖ്യത്തിനില്ലെന്ന് ഭൂപീന്ദർ ഹൂഡ
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അടക്കം ആരുമായും സഖ്യത്തിനില്ലെന്ന് കോൺഗ്രസ്. ഹരിയാനയിൽ തങ്ങൾക്ക് ഒറ്റക്ക് ജയിക്കാൻ ശേഷിയുണ്ടെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഭൂപീന്ദർ സിങ് ഹൂഡ പറഞ്ഞു. വിജയസാധ്യതയാണ് സ്ഥാനാർഥി നിർണയത്തിന്റെ മാനദണ്ഡമെന്നും പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ ഹൂഡ പറഞ്ഞു.
ദേശീയ തലത്തിൽ ഇൻഡ്യാ മുന്നണിയുടെ ഭാഗമായി എ.എ.പി-കോൺഗ്രസ് സഖ്യമുണ്ട്. എന്നാൽ സംസ്ഥാനതലത്തിൽ ആരുമായും ചർച്ചയൊന്നും നടത്തിയിട്ടില്ലെന്നും ഹൂഡ വ്യക്തമാക്കി.
മഹാരാഷ്ട്ര, ഹരിയാന, ജാർഖണ്ഡ് സംസ്ഥാനങ്ങളിലാണ് ഈ വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ തുടങ്ങിയെന്നും എന്നാൽ സഖ്യം ആവശ്യമുണ്ടോയെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനിക്കേണ്ടത് എന്നുമാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്.
ഹരിയാനയിലും ഡൽഹിയിലും എ.എ.പിയുമായി സഖ്യത്തിന് സാധ്യതയില്ലെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇൻഡ്യാ സഖ്യമാണ് തെരഞ്ഞെടുപ്പിനെ നേരിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എ.എ.പിയും ഡൽഹിയിൽ ഒരുമിച്ച് മത്സരിച്ചപ്പോൾ പഞ്ചാബിൽ ഇരു പാർട്ടികളും ഒറ്റക്കാണ് മത്സരിച്ചത്.