കർണാടകയിൽ ഖാർഗെയുടെ ബോർഡ് നശിപ്പിച്ചു; റോഡ് ഉപരോധിച്ച് കോൺഗ്രസ് പ്രവർത്തകർ
ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡാണ് അജ്ഞാതർ നശിപ്പിച്ചത്.
ബംഗളൂരു: കർണാടകയിലെ കോലാറിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ബോർഡ് നശിപ്പിച്ചതിനെ തുടർന്ന് സംഘർഷം. ഖാർഗെ കോൺഗ്രസ് പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ച ബോർഡാണ് അജ്ഞാതർ നശിപ്പിച്ചത്.
ബോർഡ് നശിപ്പിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ വക്കലേരിയിലെ റോഡ് ഉപരോധിച്ചു. കോലാർ പൊലീസ് പ്രവർത്തകരുമായി സംസാരിച്ചാണ് സംഘർഷാവസ്ഥ ഒഴിവാക്കിയത്. പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമ സ്ഥലമായ രാജ്ഘട്ടിൽ ആദരാഞ്ജലി അർപ്പിച്ച ശേഷമാണ് ഖാർഗെ സ്ഥാനമേറ്റെടുക്കാൻ എത്തിയത്. ഡൽഹിയിൽ സംഘടിപ്പിച്ച ചടങ്ങിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ മധുസൂദനൻ മിസ്ത്രി അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൈമാറി. സോണിയാ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി തുടങ്ങിയ നേതാക്കൾ പരിപാടിയിൽ പങ്കെടുത്തു.