'ഹരിയാനയില്‍ 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നു'; തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്

ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാൻ കോൺഗ്രസ് തീരുമാനം

Update: 2024-10-12 04:30 GMT
Editor : Shaheer | By : Web Desk
Advertising

ചണ്ഡിഗഢ്: ഹരിയാനയിലെ ഇവിഎം ക്രമക്കേട് ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന് വിശദമായ പരാതി നൽകി കോൺഗ്രസ്. ഉചിതമായ നടപടി ഉണ്ടായില്ലെങ്കിൽ നിയമനടപടിയിലേക്ക് നീങ്ങാനാണ് കോൺഗ്രസ് തീരുമാനം. 20 മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണു പരാതിയിൽ പറയുന്നത്.

മൂന്ന് ജില്ലകളിലെ വോട്ടിങ് മെഷീൻ ക്രമക്കേടാണ് കോൺഗ്രസ് ഉയർത്തുന്നത്. വോട്ടെടുപ്പ് കഴിഞ്ഞിട്ടും ഇവിഎമ്മിൽ എങ്ങനെ 99 ശതമാനം ചാർജ് എങ്ങനെ വന്നുവെന്ന പ്രധാനമായ ആരോപണമാണ് ഉന്നയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടു വ്യക്തമായ തെളിവുകളും സമർപ്പിച്ചിട്ടുണ്ട്. ഫരീദാബാദ്, പാനിപത്ത്, നർലൗൾ, കർനാൽ, ഇന്ദ്രി, പട്ടൗഡി തുടങ്ങിയ 20 മണ്ഡലങ്ങളുമായി ബന്ധപ്പെട്ടാണു പരാതി സമർപ്പിച്ചിരിക്കുന്നത്. ഈ മണ്ഡലങ്ങളിലെ ക്രമക്കേട് ആരോപിക്കപ്പെടുന്ന ഇവിഎമ്മുകളിൽ ബിജെപിക്കാണു കൂടുതൽ വോട്ട് ലഭിച്ചത്. നേരത്തെ, ഏഴ് മണ്ഡലങ്ങളിൽ ക്രമക്കേട് നടന്നെന്നാണ് കോൺഗ്രസ് ആരോപിച്ചിരുന്നത്.

കോൺഗ്രസ് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉയർത്തുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പ്രതികരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ജനറൽ സെക്രട്ടറി ജയറാം രമേശ് എന്നിവർ അയച്ച കത്തുകളോട് പ്രതികരിച്ചായിരുന്നു വിമർശനം. ഇവിഎം ചാർജിങ്ങുമായി ബന്ധപ്പെട്ട് ഒരു പ്രശ്‌നവുമില്ല. ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് പരിഹരിക്കുമെന്നും കമ്മീഷൻ അറിയിച്ചിരുന്നു.

ഹരിയാന തെരഞ്ഞെടുപ്പിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് നേതാക്കളായ കെ.സി വേണുഗോപാൽ, ജയറാം രമേശ്, പവൻ ഖേഡ, അജയ് മാക്കൻ എന്നിവർ തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടിരുന്നു. വോട്ട് എണ്ണിയതിലടക്കം ക്രമക്കേട് നടന്നതായി നിരവധി കോൺഗ്രസ് നേതാക്കൾ വിമർശനമുന്നയിച്ചതിന് പിന്നാലെയായിരുന്നു ഫലപ്രഖ്യാപനത്തിനു പിന്നാലെയുള്ള കൂടിക്കാഴ്ച. പരാതി ഉന്നയിക്കപ്പെട്ട വോട്ടിങ് മെഷീനുകൾ സീൽ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

ഒക്ടോബർ എട്ടിനാണ് ജമ്മു കശ്മീരിനൊപ്പം ഹരിയാന തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. 90 അംഗ നിയമസഭയിൽ 48 സീറ്റുകൾ നേടി ബിജെപി വൻ വിജയം നേടിയിരുന്നു. 37 സീറ്റാണ് കോൺഗ്രസിനു ലഭിച്ചത്. ഫലപ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ കോൺഗ്രസ് വൻ മുന്നേറ്റം കാഴ്ചവച്ച ശേഷമായിരുന്നു ബിജെപിയുടെ അപ്രതീക്ഷിത തിരിച്ചുവരവുണ്ടായത്.

Summary: Congress files fresh complaints to the Election Commission on EVM discrepancies in Haryana assembly elections 2024

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News