ആന്ധ്രയിലും തെലങ്കാനയിലും നിര്‍ണായക നീക്കവുമായി കോണ്‍ഗ്രസ്; ശർമിളയെ പാർട്ടിയിലേക്ക് ക്ഷണിച്ചു
തെലങ്കാനയില്‍ കെ ചന്ദ്രശേഖര റാവു അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശര്‍മിള പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീക്കം
ഹൈദരാബാദ്: വൈ.എസ്.ആര്‍.ടി.പി അധ്യക്ഷ വൈ.എസ് ശര്‍മിളയെ കോണ്‍ഗ്രസിലെത്തിക്കാന്‍ തിരക്കിട്ട ചര്‍ച്ചകള്‍. കെ ചന്ദ്രശേഖര റാവു അധികാരത്തില്‍ തിരിച്ചെത്താതിരിക്കാന്‍ ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ശര്‍മിള പ്രഖ്യാപിച്ചതിനു പിന്നാലെയാണ് നീക്കം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. രാജ്യസഭാ സീറ്റും ആന്ധ്രാ പ്രദേശില്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനവുമാണ് കോണ്‍ഗ്രസ് ശര്‍മിളയ്ക്ക് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ശര്‍മിള ഈ വാഗ്ദാനത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.
ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകളാണ് ശര്‍മിള. നിലവിലെ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ സഹോദരിയുമാണ്. പ്രിയങ്കയുടെ ടീം ശര്‍മിളയുമായി ബന്ധപ്പെട്ടെന്ന് വൈ.എസ്.ആര്‍ തെലങ്കാന പാര്‍ട്ടി വൃത്തങ്ങള്‍ സ്ഥിരീകരിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ എന്തെല്ലാമാണ് കോണ്‍ഗ്രസ് മുന്നോട്ടുവെച്ച വാഗ്ദാനങ്ങളെന്ന് വൈ.എസ്.ആര്‍.ടി.പി പരസ്യമാക്കിയിട്ടില്ല. ശര്‍മിള ഇതുവരെ വാഗ്ദാനങ്ങളോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് 10 ദിവസങ്ങള്‍ക്കുള്ളിലാണ് ചര്‍ച്ച നടന്നത്.
തെലങ്കാന കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ ശര്‍മിള പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ തെലങ്കാനയാണ് ലക്ഷ്യം വെയ്ക്കുന്നതെന്നും ആന്ധ്രയല്ല പ്രവര്‍ത്തന മേഖലയെന്നും ശര്‍മിള വ്യക്തമാക്കിയതായി പാര്‍ട്ടിവൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍ വൈ.എസ്.ആര്‍.ടി.പിയെ കോണ്‍ഗ്രസില്‍ ലയിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് താത്പര്യം. ശര്‍മിള പാര്‍ട്ടിയില്‍ ചേരാന്‍ തയ്യാറായില്ലെങ്കില്‍ തെലങ്കാനയില്‍ അവരുമായി സഖ്യം രൂപീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതോടെ കെ.സി.ആറിന് അനുകൂലമായി വോട്ടുകള്‍ ഭിന്നിക്കപ്പെടുന്നത് ഒഴിവാക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു.
Summary- Congress high command, specifically, Priyanka Gandhi's team, has been in touch with YS Sharmila in a bid to persuade her to join forces with Congress