നിരന്തരം ശകാരിച്ചു; പെൺകുട്ടി കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്നു
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കുടുംബാംഗങ്ങള്‍ നന്നായി പെരുമാറിയിരുന്നില്ലെന്നും അവളുടെ മാതാപിതാക്കളും മറ്റുള്ളവരും നിരന്തരം ശകാരിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. എന്നാല്‍ അവളുടെ മറ്റു സഹോദരങ്ങളോട് എല്ലാവരും നന്നായി പെരുമാറുകയും ചെയ്തിരുന്നു
കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കുടുംബത്തിലെ നാലു പേരെ വിഷം കൊടുത്തു കൊന്നു. പെൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച കേസിലാണ് ചിത്രദുർഗ പോലീസിന്‍റെ വഴിത്തിരിവ്. 2021 ജൂലൈ 12നാണ് ചിത്രദുര്‍ഗ ജില്ലയിലെ ഗോല്ലാരഹട്ടിയില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ ഭക്ഷണത്തില്‍ നിന്ന് വിഷബാധയേറ്റ് മരിച്ചതും ഒരാള്‍ ഗുരുതരാവസ്ഥയിലാവുകയും ചെയ്തത്.
തിപ്പ നായിക് ( 45 ), ഭാര്യ സുധ ഭായ് ( 40 ), അമ്മ ഗുണ്ടി ഭായ് ( 80 ), മകള്‍ രമ്യ ( 16 ) എന്നിവരാണ് കൊല്ലപ്പെട്ടത്. തിപ്പ നായിക്കിന്‍റെ പെൺമക്കളിൽ ഒരാൾ കീടനാശിനി റാഗി മാവില്‍ കലർത്തി അവളുടെ കുടുംബാംഗങ്ങൾക്ക് വിളമ്പിയെന്നാണ് ചിത്രദുർഗ പോലീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നത്. ഭക്ഷണം കഴിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവശനിലയിലാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും നാലു പേരുടെ ജീവന്‍ രക്ഷിക്കാനായില്ല. തിപ്പ നായിക്കിന്‍റെ മകനായ രാഹുലിനു മാത്രമാണ് ചികിത്സയ്ക്ക് ശേഷം ജീവന്‍ തിരിച്ചു കിട്ടിയത്.
കീടനാശിനി വിഭവത്തിൽ കലർത്തിയതായി ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തി. റാഗി സാമ്പിളുകൾ, ഭക്ഷണം തയ്യാറാക്കാനായി ഉപയോഗിച്ച അലുമിനിയം പാത്രങ്ങൾ, മരിച്ചവരുടെ ആന്തരിക സ്രവങ്ങള്‍ എന്നിവ പൊലീസ് ശേഖരിച്ച് ലാബിലേക്ക് അയച്ചിട്ടുണ്ട്. സംഭവത്തെ അതിജീവിച്ച തിപ്പ നായിക്കിന്‍റെ മകൻ രാഹുൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്തത്.
കേസില്‍ പൊലീസ് ഇൻസ്പെക്ടർ ടി എൻ മധുവിന്‍റെ നേതൃത്വത്തിൽ അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് കുടുംബാംഗങ്ങള്‍ നന്നായി പെരുമാറിയിരുന്നില്ലെന്നും അവളുടെ മാതാപിതാക്കളും മറ്റുള്ളവരും നിരന്തരം ശകാരിച്ചിരുന്നുവെന്നും പത്രക്കുറിപ്പിൽ പറയുന്നു.
എന്നാല്‍ അവളുടെ മറ്റു സഹോദരങ്ങളോട് എല്ലാവരും നന്നായി പെരുമാറുകയും ചെയ്തിരുന്നു. അവരെ കൊന്നാൽ ആരും അവളെ ദിവസക്കൂലിക്ക് ജോലി ചെയ്യാന്‍ അയയ്ക്കില്ലെന്നും ആരും ശകാരിക്കില്ലെന്നും പെൺകുട്ടി ചിന്തിച്ചു. തുടര്‍ന്ന് അത്താഴസമയത്ത് വിളമ്പിയ റാഗിയിൽ അവൾ കീടനാശിനി കലർത്തുകയായിരുന്നെന്നും ചിത്രദുർഗ പോലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.