കോവിഡ് വ്യാപനം: ഭാരത് ജോഡോ യാത്രയിൽ നിയന്ത്രണങ്ങൾ വേണമെന്ന് കേന്ദ്രസർക്കാർ
പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: ഭാരത് ജോഡോ യാത്രയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ. രാഹുൽ ഗാന്ധിക്കും അശോക് ഗെഹലോട്ടിനും ഇത് സംബന്ധിച്ച് മാണ്ഡവ്യ കത്തയച്ചു. വാക്‌സിൻ എടുത്തവരെ മാത്രമേ യാത്രയിൽ പങ്കെടുപ്പിക്കാവൂ, മാസ്‌കും സാനിറ്റൈസറും ഉപയോഗിക്കണം തുടങ്ങിയ നിർദേശങ്ങളാണ് ആരോഗ്യമന്ത്രി മുന്നോട്ടുവെച്ചത്.
പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവെക്കണമെന്നും കത്തിൽ പറയുന്നു. ഒരിടവേളക്ക് ശേഷം ലോകം കോവിഡ് ഭീതിയിലാണ്. ചൈനയിൽ കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുകയാണ്.
കോവിഡ് നിരക്കുയരുന്ന സാഹചര്യത്തിൽ രാജ്യത്തെ സാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കേന്ദ്ര ആരോഗ്യമന്ത്രി യോഗം വിളിച്ചു. മുതിർന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും യോഗത്തിൽ പങ്കെടുക്കും. കോവിഡ് സാഹചര്യത്തിൽ വിമാന സർവീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്ന് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടു.