കോവിഡ് മൂന്നാം തരംഗം വൈകിയേക്കും; വാക്സിനേഷന്‍ വേഗത്തിലാക്കണമെന്ന് വിദഗ്ധ സമിതി
വരും ദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യം.
രാജ്യത്ത് കോവിഡിന്‍റെ മൂന്നാം തരംഗമെത്താന്‍ വൈകിയേക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച വിദഗ്ധ സമിതി. മൂന്നാം തരംഗം വൈകുമെന്നാണ് ഐ.സി.എം.ആര്‍ പഠനം പറയുന്നത്. ഈ അവസരത്തില്‍ വാക്സിനേഷന്‍ പ്രക്രിയ വേഗത്തിലാക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വിദഗ്ധ സമിതി ചെയര്‍മാന്‍ ഡോ. എന്‍.കെ അറോറ വ്യക്തമാക്കി.
വരും ദിവസങ്ങളില്‍ പ്രതിദിനം ഒരു കോടി ഡോസ് വാക്സിന്‍ നല്‍കുകയെന്നതാണ് ലക്ഷ്യം. ഇതിനായുള്ള നടപടികള്‍ ഊര്‍ജിതമാക്കിയതായും ഡോ. അറോറ പറഞ്ഞു. ജൂലൈ അവസാനത്തോടെയോ ആഗസ്റ്റ് തുടക്കത്തിലോ കുട്ടികള്‍ക്ക് വാക്സിന്‍ ലഭ്യമാക്കും. സൈഡസ് കാഡിലയുടെ 12നും 18നും ഇടയിലുള്ളവര്‍ക്കായുള്ള വാക്‌സിന്‍ നിര്‍മാണം ഏകദേശം പൂര്‍ത്തിയായതായും അറോറ ചൂണ്ടിക്കാട്ടി.
കോവിഡിന്‍റെ മൂന്നാം തരംഗം രണ്ടാം തരംഗംപോലെ അതിരൂക്ഷമാകാൻ സാധ്യത കുറവാണെന്നാണ് ഐ.സി.എം.ആറും ഇംപീരിയൽ കോളേജ് ഓഫ് ലണ്ടനും നടത്തിയ പഠനത്തില്‍ കണ്ടെത്തിയത്. നേരത്തെ രോഗമുണ്ടായപ്പോൾ ലഭിച്ച പ്രതിരോധശേഷി മുഴുവനായും നശിക്കുന്ന സാഹചര്യത്തിലേ പുതിയ വകഭേദം തരംഗത്തിന് കാരണമാകൂ. ഒരാളിൽനിന്ന് നാലോ അഞ്ചോ ആളുകളിലേക്ക് രോഗം പടരാനുള്ള സാധ്യത ഉരുത്തിരിഞ്ഞാലേ ഇനി ഒരു തരംഗമുണ്ടാകൂ എന്നാണ് പഠനം വിലയിരുത്തുന്നത്.
ഊർജിതമായി നടക്കുന്ന പ്രതിരോധ കുത്തിവെപ്പ് ഭാവിയിലെ തരംഗത്തിന്‍റെ കാഠിന്യം കുറയ്ക്കുമെന്നും പഠനം പറയുന്നു. അതേസമയം, രണ്ടാം തരംഗത്തിന്‍റെ മൂർച്ച കുറഞ്ഞെങ്കിലും ഇനിയും അവസാനിച്ചിട്ടില്ലെന്നാണ് ഐ.സി.എം.ആർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്.