ഡി.കെയോ സിദ്ധരാമയ്യയോ? നിയമസഭാകക്ഷി യോഗം ഇന്ന്
ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന വാദത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം
ബെംഗളൂരു: കോൺഗ്രസ് മിന്നുന്ന വിജയം നേടിയ കര്‍ണാടകത്തിൽ മുഖ്യമന്ത്രിയെ ചൊല്ലിയുള്ള ചർച്ച തുടരുന്നു. എം.എൽ.എമാർ അധികവും തന്നെ പിന്തുണക്കുന്നവരാണെന്നു പി.സി.സി അധ്യക്ഷൻ ഡി.കെ ശിവകുമാർ അവകാശപ്പെടുന്നു . രണ്ട് ടേം ആയി വിഭജിച്ചു ആദ്യ ടേം സിദ്ധരാമയ്യയ്ക് നൽകണമെന്ന അഭിപ്രായവും ശക്തമാണ്.
ലോക്സഭാ തെരഞ്ഞെടുപ്പ് വരെ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്ന വാദത്തിനാണ് കോൺഗ്രസിൽ മുൻതൂക്കം. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ അഭിപ്രായം കൂടി അറിഞ്ഞശേഷം അന്തിമ തീരുമാനമെടുത്താൽ മതിയെന്നാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് കോൺഗ്രസിന് ലഭിച്ചത്. ബി.ജെ.പി തൂത്തുവാരിയെടുത്ത സീറ്റുകൾ തിരികെ പിടിക്കണമെങ്കിൽ കോൺഗ്രസ് അനുകൂല തരംഗം ഒരു വര്‍ഷം കൂടി നിലനിർത്തണം.
മുഖ്യമന്ത്രി പദവിയെ ചൊല്ലി തർക്കമുണ്ടായാൽ വിജയത്തിന്റെ തിളക്കം കുറയുമെന്ന് കെ.സി വേണുഗോപാൽ അടക്കമുള്ള നേതാക്കൾ സംസ്ഥാന നേതാക്കളെ അറിയിച്ചു. ദേശീയ അധ്യക്ഷന്‍റെ സ്വന്തം സംസ്ഥാനം എന്ന നിലയിൽ തർക്കം ഇല്ലാതാക്കണം എന്ന നിർബന്ധം മല്ലികാർജുന ഖാർഗെയ്ക്കുമുണ്ട്. ബി.ജെ.പിയിൽ ചേരണോ അതോ ജയിൽ വേണോ എന്ന ചോദ്യത്തിന്റെ മുന്നിൽ, ജയിൽ തെരഞ്ഞെടുത്തതിന്റെ ഗുണമാണ് ഈ വിജയമെന്ന് ഡി.കെ ശിവകുമാർ ഇന്നലെ പറഞ്ഞുവച്ചു. തന്റെ റോൾ എന്താകണം എന്ന വിലപേശൽ കൂടിയാണ് ഈ അവകാശവാദം.
ആദ്യ ടേമിൽ മുഖ്യമന്ത്രിയാകാൻ കഴിഞ്ഞില്ലെങ്കിൽ ഉപമുഖ്യമന്ത്രി പദവിയിലേക്ക് ഡി.കെ എത്താൻ സാധ്യതയില്ലെന്നാണ് അദ്ദേഹത്തിൻറെ വിശ്വസ്തർ പറയുന്നത്. സമുദായ പരിഗണന കൂടി നൽകി മറ്റു ഉപമുഖ്യമന്ത്രിമാർ കൂടി എത്തുമ്പോൾ അവരിൽ ഒരാളായി ഇരിക്കാനുള്ള താല്പര്യ കുറവാണ് കാരണം. ആദ്യ ടേം സിദ്ധാരാമയ്യയ്ക്കു വിട്ടുനൽകി കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് തുടരുകയും രണ്ടാമത്തെ ടേമിൽ മുഖ്യമന്ത്രിയാകുകയും ചെയ്യണം എന്ന വ്യവസ്ഥയാണ് ഇപ്പോൾ നേതൃത്വം ശിവകുമാറിന്റെ മുന്നിൽ വച്ചിരിക്കുന്നത്. ഇന്നത്തെ യോഗത്തിൽ പുതിയ സാമാജികർ ഒറ്റക്കെട്ടായി ഡി.കെ ശിവകുമാറിന്റെ പേര് പറയുമോ എന്ന ആശങ്കയും ഹൈക്കമാന്‍ഡിനുണ്ട്.